തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതുമുഖങ്ങളെ അണിനിരത്താനുള്ള സി.പി.എം തീരുമാനത്തിന് അതേ അര്‍ഥത്തിലുള്ള പിന്തുണയാണ് എല്‍.ഡി.എഫിലെ രണ്ടാമത്തെ ഘടക കക്ഷിയായ സി.പി.ഐയും നല്‍കിയത്.
പാര്‍ട്ടിക്ക് അനുവദിച്ച നാല് മന്ത്രി സ്ഥാനങ്ങളിലേക്കും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്കും പുതുമുഖങ്ങളെ തന്നെ സി.പി.ഐയും നിശ്ചയിച്ചു.
ALSO READ: നാലും പുതുമുഖങ്ങള്‍, ഗൗരിയമ്മയ്ക്ക് ശേഷം സിപിഐ മന്ത്രിയായി ചിഞ്ചുറാണി
ഇവര്‍ സി.പി.ഐ മന്ത്രിമാര്‍
കെ. രാജന്‍(47)
ഒല്ലൂർ മണ്ഡലത്തില്‍ നിന്നു രണ്ടാം വട്ടം. നിലവില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ്. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എ.ഐ.വൈ.എഫ് ദേശീയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എ.ഐ.എസ്.എഫിലൂടെ പൊതു രംഗത്തെത്തി. കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറി, യുവജന ക്ഷേമബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ നിന്ന് ബി.എസ്.സി ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. സി.പി.ഐ നിയമസഭാ കക്ഷി ഉപനേതാവായും രാജനെ തെരഞ്ഞെടുത്തു.
പി. പ്രസാദ് (51)
ചേര്‍ത്തലയില്‍ നിന്ന് ഇതാദ്യമായി നിയമസഭാംഗം. കഴിഞ്ഞ തവണ ഹരിപ്പാട് മണ്ഡലത്തില്‍ മത്സരിച്ചു പരാജയപ്പെട്ടു. നിലവില്‍ ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍. സി.പി.ഐ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിലൂടെ പൊതു രംഗത്തെത്തിയ പ്രസാദ് സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റായിരുന്നു. സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, അഖിലേന്ത്യ ആദിവാസി മഹാസഭ എക്‌സിക്യൂട്ടീവ് അംഗം, കേരള സര്‍വ്വകലാശാല സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിനോയ് വിശ്വം വനം മന്ത്രിയായിരിക്കേ അദ്ദേഹത്തിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. നിരവധി പരിസ്ഥിതി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ആറന്‍മുള വിമാനത്താവളത്തിനെതിരായ സമരത്തിന് ആദ്യമായി തുടക്കം കുറിക്കുന്നത് സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന പി. പ്രസാദിന്‍റെ നേതൃത്വത്തിലായിരുന്നു. വിവിധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് 34 ദിവസം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.
ജി.ആര്‍ അനില്‍ (58)
നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ നിന്ന് കന്നിയങ്കത്തില്‍ ജയം. എ.ഐ.എസ്.എഫിലൂടെ പൊതു രംഗത്തെത്തിയ ജി.ആര്‍. അനില്‍ കഴിഞ്ഞ ഏഴുവര്‍ഷമായി സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, കിസാന്‍സഭ എന്നീ സംഘടനകളുടെ ജില്ലാ സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പൊളിറ്റിക്‌സില്‍ ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് നേമത്ത് നിന്ന് വിജയിച്ച് കൗണ്‍സിലറും ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു.
ജെ. ചിഞ്ചുറാണി (56)
ചടയമംഗലത്തു നിന്നും ആദ്യമായി നിയമസഭയിലേക്ക്. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും. നിലവില്‍ മഹിളാ സംഘം സംസ്ഥാന പ്രസിഡന്‍റും പൗള്‍ട്രി കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണും. ഇരവിപുരം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പരിചയം.