തിരുവനന്തപുരം: കൃഷി വകുപ്പിന്‍റെ 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സെക്രട്ടറിയേറ്റ് അങ്കണത്തില്‍ തക്കാളിത്തൈ നട്ടാണ് പദ്ധതിയുടെ ഉദ്ഘാടനം ചെയ്തത്. ഓണം സീസണ്‍ മുന്നില്‍ കണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണത്തിന്‍റെ ലഭ്യത ഉറപ്പുവരുത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചുള്ള പദ്ധതിയാണ് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി. ഇതിനായി കൃഷി വകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളും ഈ മാസം വിതരണം ചെയ്യും. കര്‍ഷകര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും, വനിത ഗ്രൂപ്പുകള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും കൃഷിഭവന്‍ മുഖേന സൗജന്യമായി ജൂണ്‍ പകുതിയോടെ ഇവ ലഭ്യമാക്കും.
ALSO READ: 'വനം മന്ത്രിയായ ശേഷം അവരെ കണ്ടിട്ടില്ല' ; കൈക്കൂലി ആരോപണം അന്വേഷിക്കുമെന്ന് എ.കെ.ശശീന്ദ്രന്‍
സെക്രട്ടറിയേറ്റ് ഗാര്‍ഡനില്‍ പദ്ധതിയുടെ ഭാഗമായി 800 ഓളം തൈകളാണ് നടുക. തക്കാളി, രണ്ടിനം മുളക്, വഴുതന, കത്തിരിക്ക, പയര്‍, വെണ്ട, ചീര തുടങ്ങി എട്ടിനം പച്ചക്കറികള്‍ ഇവിടെ കൃഷിചെയ്യും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ചടങ്ങില്‍ പങ്കെടുത്തു. ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ നട്ട തെങ്ങ് കുലച്ചതു കാണാനും മുഖ്യമന്ത്രിയെത്തി. കാസര്‍കോട് പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ച കേരശ്രീ ഇനത്തില്‍പ്പെട്ട തെങ്ങാണ് ഇപ്പോള്‍ കുലച്ചത്.