തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറ കടലിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. കോട്ടുകാൽ സ്വദേശി ഷാരോ ഷമ്മി(18)യുടെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടുകാൽ സ്വദേശി ശരണ്യ (19), ഉച്ചക്കട കിടാരക്കുഴി സ്വദേശി നിഷ (21) എന്നിവർക്കൊപ്പം ഷാരുവിനെയും കടലിൽ കാണാതായത്. സംഭവ ദിവസം തന്നെ ശരണ്യയുടെയും ശനിയാഴ്ച നിഷയുടെയും മൃതദേഹം ലഭിച്ചിരുന്നു. കാഞ്ഞിരംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ഷമ്മിയുടെ മകളാണ് ഷാരു. കാൽ വഴുതി അപകടം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.