തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ഇൻ കേരളാ എന്ന സ്ഥാപനത്തിലെ വകുപ്പ് മേധാവി ഡോ. അംബിഷ് മോനെ തൽസ്ഥാനത്ത് നിന്ന് നീക്കി കൊണ്ട് വൈസ് ചാൻസലർ ഉത്തരവിറക്കി. അവധിയിലായിരുന്ന വകുപ്പ് മേധാവി ഡോ. ചന്ദ്രശേഖരന്റെ അവധി റദ്ദാക്കി തിരികെ വിളിച്ച് വകുപ്പ് മേധാവിയാക്കിയാണ് ഉത്തരവിറക്കിയത്.
പെൺകുട്ടികളോട് അശ്ലീലഭാഷയിൽ സംസാരിച്ചതിനും ആൺകുട്ടികളെ കൊണ്ട് മദ്യം വാങ്ങിപ്പിച്ചതിനും അംബിഷ് മോനെതിരെ കുട്ടികൾ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. എം.ബി.എ വിദ്യാർഥികളാണ് തങ്ങളുടെ വകുപ്പ് മേധാവി ഡോ.അംബിഷ് മോനെതിരെ പരാതി നല്‍കിയിരുന്നത്. ഇതിന് പുറമെ ആൺകുട്ടികളെ കൊണ്ട് നിർബന്ധിച്ച് പല തവണ മദ്യം വാങ്ങിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. വിദ്യാര്‍ഥികൾ വകുപ്പ് മേധാവിയെ തടഞ്ഞുവക്കുകയും ഇയാൾക്കെതിരെ പൊലീസിനും വനിതാ കമ്മീഷനും വൈസ് ചാൻസലർക്കും പരാതി നൽകുകയും ചെയ്‌തിരുന്നു.