തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ ടാക്സി ഡ്രൈവർമാർക്ക് ജിപിഎസ് ലഭ്യമാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെൽട്രോണിലൂടെയോ മറ്റോ ജിപിഎസ് ലഭ്യമാക്കാൻ സംവിധാനം ഒരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ടാക്സി വാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കിയുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിപിഎസ് ഘടിപ്പിക്കാൻ മതിയായ സാവകാശം ഡ്രൈവർമാർക്ക് ഒരുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ടാക്സി വാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കിയുള്ള സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഡ്രൈവർമാരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി ടാക്സി ഡ്രൈവർമാർ രംഗത്തെത്തിയത്. നിലവിലെ സാഹചര്യത്തിൽ 17000 രൂപ മുതൽ മുകളിലേക്ക് നൽകി ജിപിഎസ് ഘടിപ്പിക്കേണ്ട സാഹചര്യമാണ് ടാക്സി ഡ്രൈവർമാർക്ക് ഉള്ളത്. അത് തങ്ങളെക്കൊണ്ട് താങ്ങാൻ കഴിയുന്നതല്ലെന്നാണ് ഡ്രൈവർമാരുടെ നിലപാട്. എന്നാൽ ജിപിഎസ് ഘടിപ്പിക്കുന്നതിനോട് എതിർപ്പില്ലെന്നും ഡ്രൈവർമാർ കൂട്ടിച്ചേർത്തു.