തിരുവനന്തപുരം: 2018 ലെ സ്വാതി പുരസ്‌കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞനായ സി.കെ. രാമചന്ദ്രനും 2019 ലെ സ്വാതി പുരസ്‌കാരം ടി.എം. കൃഷ്ണയ്ക്കും സമ്മാനിക്കും. 2018 ലെ എസ്.എല്‍. പുരം പുരസ്‌കാരത്തിന് കെ.എം. ധര്‍മ്മനും 2019 ലെ പുരസ്‌കാരത്തിന് വി. വിക്രമന്‍ നായരും അര്‍ഹനായി. സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സംഗീത മേഖലയില്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് സ്വാതി പുരസ്‌കാരം. കര്‍ണാടക സംഗീതത്തെ അതിന്‍റെ സംശുദ്ധിയോടെ മുന്നോട്ടു കൊണ്ടുപോയ അപൂര്‍വ സിദ്ധിയുള്ള സംഗീതജ്ഞനാണ് സ്വാതി പുരസ്‌കാരം നേടിയ സി.കെ. രാമചന്ദ്രന്‍ എന്ന് ജൂറി വിലയിരുത്തി. കര്‍ണാടക സംഗീതത്തിലെ ശുദ്ധ സംഗീത പാരമ്പര്യത്തെ അടിമുടി വീക്ഷിക്കുകയും ആലാപനത്തില്‍ പുലര്‍ത്തുകയും ചെയ്ത പ്രതിഭാധനനായ സംഗീതജ്ഞനാണ് ടി.എം കൃഷ്ണയെന്നും ജൂറി അഭിപ്രായപ്പെട്ടു.
കേരളത്തിലെ പ്രൊഫഷണല്‍ നാടക രംഗത്തിന് വലിയ സംഭാവനകള്‍ നല്‍കിയ കലാകാരനാണ് കെ.എം. ധര്‍മ്മനെന്ന് ജൂറി വിലയിരുത്തി. മലയാള നാടക രംഗത്ത് അതുല്യമായ അഭിനയശേഷി കാഴ്ചവച്ച നാടക പ്രവര്‍ത്തകനാണ് വി. വിക്രമന്‍ നായരെന്നും ജൂറി വിലയിരുത്തി. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഫ്രാന്‍സിസ് ടി മാവേലിക്കര, പ്രൊഫ.ജി കുമാരവര്‍മ്മ, ബാബു പറശ്ശേരി എന്നിവരടങ്ങിയ ജൂറിയാണ് നാടക രംഗത്തെ പരമോന്നത പുരസ്‌കാരമായ എസ്.എല്‍. പുരം സദാനന്ദന്‍ പുരസ്‌കാരം നിര്‍ണയിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.