തിരുവനന്തപുരം: കരിപ്പൂര്‍ ഉഴപ്പാകോണം സ്വദേശി സൂര്യഗായത്രി കൊലക്കേസില്‍ സാക്ഷികളെ വീണ്ടും വിസ്‌തരിക്കേണ്ടി വരുമെന്ന് കോടതി. സൂര്യഗായത്രിയെ പോസ്റ്റുമോര്‍ട്ടം ചെയ്‌ത ഡോക്‌ടര്‍ അടക്കമുള്ളവരെയാകും വീണ്ടും വിസ്‌തരിക്കുക. കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തിയായ തൊണ്ടിമുതല്‍ കോടതിയില്‍ ഇല്ലാത്തതിനാലാണ് നടപടി. ആറാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്‌ജി കെ വിഷ്‌ണുവാണ് കേസ് പരിഗണിക്കുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ച കേസ് പരിഗണിച്ചപ്പോള്‍ സൂര്യഗായത്രിയുടെ മൃതശരീരം പോസ്റ്റുമോര്‍ട്ടം ചെയ്‌ത പൊലീസ് സര്‍ജന്‍ ഡോ.ധന്യ രവീന്ദ്രനെ കോടതി വിസ്‌തരിച്ചു. പ്രതി കൊലപാതകത്തിന് ഉപയോഗിച്ച കത്തി തിരിച്ചറിയുന്നതിന് വേണ്ടി ഡോക്‌ടറെ കാണിക്കേണ്ടിയിരുന്നു. എന്നാല്‍ ശാസ്‌ത്രിയ പരിശേധനയ്‌ക്ക് വിധേയമാക്കിയ കത്തി ഇതുവരെ തിരികെ ലഭിക്കാത്തതിനാല്‍ മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.
ധന്യ രവീന്ദ്രന് പുറമെ കേസില്‍ സാക്ഷികളായി ഡോക്‌ടര്‍മാരായ അഞ്ജു പ്രതാപ്, ബി സന്തോഷ് കുമാര്‍, ദീപ ഹരിഹരന്‍, ഷാനവാസ് മുസലിയാര്‍, അബിന്‍ എസ് സെബാസ്റ്റ്യന്‍ എന്നിവരെയും കോടതി വിസ്‌തരിച്ചിരുന്നു.
സൂര്യഗായത്രിയുടെ ഭര്‍ത്താവ് രതീഷിനെയും കോടതി വിസ്‌തരിച്ചു. താനുമായി പിണങ്ങിയ സൂര്യഗായത്രി കൊല്ലപ്പെടുന്നതിന് മൂന്ന് മാസം മുന്‍പാണ് നെടുമങ്ങാടുള്ള അമ്മയുടെ വീട്ടില്‍ എത്തിയത്. കേസിലെ പ്രതിയായ അരുണ്‍ തന്‍റെ ഫോണില്‍ വിളിച്ച് സൂര്യഗായത്രിക്കും അമ്മയ്‌ക്കും താന്‍ ഒരു പണികൊടുക്കുന്നുണ്ട് പറഞ്ഞതായും രതീഷ് കോടതിയെ അറിയിച്ചു.
സംഭവം നടന്ന വീട്ടിലെ ചുമരില്‍ നിന്നും ലഭിച്ചത് പ്രതി അരുണിന്‍റെ ഇടത് കയ്യുടെ വിരലടയാളമാണെന്ന് വിരലടയാള വിദഗ്‌ദന്‍ വിഷ്‌ണു കെ നായര്‍ കോടതിയില്‍ മൊഴി നല്‍കി. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദ്ധീനാണ് ഹാജരായത്.