തിരുവനന്തപുരം: അശരണരായ കുട്ടികൾക്ക് സംരക്ഷണമൊരുക്കാൻ ചലച്ചിത്ര മേളയിൽ വിദ്യാർഥികളുടെ സ്റ്റാൾ. 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രദർശനം നടക്കുന്ന കൈരളി തിയേറ്ററിലാണ് പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുമായി വിദ്യാർഥികള്‍ സ്റ്റാൾ ആരംഭിച്ചത്. രണ്ട് സ്റ്റാളുകളാണ് ഇതിനായി കൈരളി തിയേറ്ററിൽ ഇവർ ഒരുക്കിയിട്ടുള്ളത്.
ഭവനരഹിതരായ എട്ട് കുട്ടികൾക്ക് വിട് നിർമിച്ച് നല്‍കുന്നതിന് വേണ്ടിയാണ് എൻജിഒ ആയ റൈസ് അപ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ മേളയിൽ സ്റ്റാൾ ഇട്ടത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നുമുള്ള വിദ്യാർഥികളാണ് സ്റ്റാളിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തുണിബാഗുകളുടെയും ശീതളപാനീയങ്ങളുടെയും വില്‍പനയിലൂടെയും പുനരുപയോഗത്തിന് യോഗ്യമായ പാഴ്വസ്‌തുക്കൾ ശേഖരിച്ച് വില്‍പന നടത്തിയുമാണ് ഇതിനായി വിദ്യാർഥികൾ തുക കണ്ടെത്തുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിട്ടമ്മമാരുടെ സഹായത്തിൽ നിർമിച്ച ഉത്പന്നങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ള സ്റ്റാളുകളിലൂടെ വില്‍ക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ പകുതി തുക വീട്ടമ്മമാര്‍ക്ക് തന്നെ നല്‍കുകയും ബാക്കി വീട് നിർമാണത്തിനായി വിനിയോഗിക്കുകയും ചെയ്യും. 2018 ലെ പ്രളയ സമയത്ത് രൂപപ്പെട്ട റൈസ് അപ് ഫോറം എന്ന എൻജിഒ കൊവിഡ് കാലഘട്ടത്തിലും 20 ഓളം ഓക്‌സിജൻ ബെഡുകൾ വിതരണം ചെയ്‌ത് നേരത്തെ തന്നെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.