തിരുവനന്തപുരം: കത്തെഴുതിവച്ച് വീട് വീട്ടിറങ്ങിയ 13 കാരനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി (Student Found). കാട്ടാക്കട പട്ടക്കുളം ആനക്കോട് സ്വദേശി ഗോവിന്ദിനെ പുലർച്ചെ 5 മുതൽ കാണാനില്ലായിരുന്നു. രാവിലെ വീട്ടുകാർ മുറിയിൽ നോക്കിയപ്പോൾ മേശപ്പുറത്ത് കത്തെഴുതിവച്ച് ഗോവിന്ദ് വീട് വിട്ട് ഇറങ്ങിയിരുന്നു.
"അച്ഛാ അമ്മാ ഞാൻ പോകുന്നു എന്‍റെ കളർ സെറ്റ് 8 എയിലെ ആദിത്യന് കൊടുക്കണം" എന്നായിരുന്നു ഗോവിന്ദിന്‍റെ കത്ത്. തുടർന്ന് വീട്ടുകാർ കാട്ടാക്കട പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. കുട്ടി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു.
ഇതിനിടെ 12 മണിയോടെ കാട്ടാക്കട കള്ളിക്കാട് കെഎസ്ആർടിസി ബസിൽ നിന്നും ഗോവിന്ദിനെ കണ്ടെത്തുകയായിരുന്നു. ബസിലെ യാത്രക്കാരാണ് ഗോവിന്ദിനെ തിരിച്ചറിഞ്ഞത്.
ഇവർ പൊലീസിനെയും മാതാപിതാക്കളെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടി സഞ്ചരിച്ച മാർഗത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് വരുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.
കാണാതായ കുട്ടിയെ കണ്ടെത്തി: കോഴിക്കോട് വെള്ളിമാടുകുന്ന് ഗവൺമെന്‍റ് ബോയ്‌സ് ഹോമിൽ നിന്ന് കാണാതായ പതിനാറുകാരനെ കണ്ടെത്തി. ഉത്തര്‍ പ്രദേശ് സ്വദേശിയായ ശിവയെ (16) ആയിരുന്നു സെപ്റ്റംബർ 25ന് കാണാതായത്. പാലക്കാട് തൃത്താല പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കുട്ടിയെ കണ്ടെത്തിയത് (Missing Boy From Vellimadukunnu Govt Boys Home Found Kozhikode).
കുട്ടി ഹോമിൽ നിന്ന് പുറത്തേക്ക് ഓടി പോവുകയായിരുന്നു. കുട്ടി ഓടി പോകുമ്പോൾ വെള്ള കള്ളി ഷർട്ടും, വെളുത്ത ട്രൗസറുമായിരുന്നു ധരിച്ചിരുന്നത്. കൂടാതെ കയ്യിൽ ശിവ എന്ന് പച്ച കുത്തിയിട്ടുണ്ടായിരുന്നു. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ശിവ.
തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പുറത്ത് പോയ സമയത്ത് കുട്ടി ധരിച്ചിരുന്ന വസ്‌ത്രങ്ങളുടെ നിറമടക്കം പൊലീസ് സ്‌റ്റേഷനുകളിലേക്ക് വിവരം കൈമാറിയിരുന്നു. ചേവായൂർ പൊലീസ് കുട്ടിയെ ജുവനൈൽ ജസ്‌റ്റിസിന് മുന്നിൽ ഹാജരാക്കും.
അതേസമയം ഇതിന് മുൻപും ചിൽഡ്രൻസ് ഹോമിൽ നിന്ന് 15 നും 17 നും ഇടയിൽ പ്രായമുള്ള ആറ് കുട്ടികളെ കാണാതായിരുന്നു. ചിൽഡ്രൻസ് ഹോമിലെ അടുക്കള ഭാഗത്തെ മതിലിൽ ഏണിവച്ച് കയറിയാണ് പെൺകുട്ടികൾ രക്ഷപ്പെട്ടിരുന്നത്.
കാണാതായവരിൽ രണ്ട് പേർ സഹോദരികളാണ്. കാണാതായ ആറുപേരിൽ രണ്ടു കുട്ടികളെ ബെംഗളൂരുവിൽ നിന്നും നാലുപേരെ മലപ്പുറം എടക്കരയിൽ നിന്നുമായിരുന്നു കണ്ടെത്തിയത്.
പെൺകുട്ടികൾ രക്ഷപ്പെട്ടത് രണ്ട് യുവാക്കളുടെ സഹായത്തോടെയാണ്. ട്രെയിൻ മാർഗത്തിലൂടെയാണ് കുട്ടികൾ ബെംഗളൂരുവിൽ എത്തിയത്. മഡിവാളയിലെ ഹോട്ടലിൽ നിന്ന് പെൺകുട്ടിയെയും രണ്ട് യുവാക്കളെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്തു.