തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാന വ്യപകമായി ശക്തമായ മഴ തുടരും. നാളെ അലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ അതിതീവ്ര മഴയ്‌ക്കും, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്കും, യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്കൻ ബംഗാൾ ഉൾക്കടൽ, പശ്ചിമ ബംഗാളിന്‍റെ തീരപ്രദേശങ്ങൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലായി ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നതിനാലാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുളള സാധ്യതയുള്ളത്. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.