തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സെക്രട്ടേറിയറ്റിന് മുന്നിൽ സമര പരമ്പര. വെള്ളിയാഴ്‌ച മാത്രം അഞ്ചോളം സമരങ്ങളാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്നത്. ലോക്ക് ഡൗൺ നിലവിൽ വന്ന ശേഷം ഒറ്റപ്പെട്ട സമരങ്ങൾ നടന്നതല്ലാതെ ഇത്രയും സമരങ്ങൾ ഒരുമിച്ച് നടക്കുന്നത് ആദ്യമായാണ്. ലോക്ക് ഡൗൺ മാനദണ്ഡം പാലിച്ച് അഞ്ച് പേർ മാത്രമാണ് ഓരോ സമരത്തിലും പങ്കെടുത്തത്. എന്നാൽ അഞ്ചോളം സമരങ്ങൾ ഒരുമിച്ച് നടന്നതോടെ ആൾക്കൂട്ടമായി മാറി.
ദളിത് കോൺഗ്രസ്, റെയിൽവെ പോർട്ടർമാരുടെ ഐഎൻടിയുസി, ആർഎസ്‌പി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരങ്ങൾ. ലോക്ക് ഡൗണിൽ തൊഴിൽ നഷ്‌ടപ്പെട്ട പട്ടികജാതി-പട്ടികവർഗ കുടുംബങ്ങൾക്ക് 5,000 രൂപ അടിയന്തര സഹായം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ദളിത് കോൺഗ്രസ് സമരം. സർക്കാർ അവഗണനക്കെതിരെയായിരുന്നു റെയിൽവെ പോർട്ടർമാരുടെ പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരുസമരങ്ങളും ഉദ്ഘാടനം ചെയ്‌തു. ഇതിനിടെ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർഥികളെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് എജീസ് ഓഫീസിന് മുന്നിൽ കെഎസ്‌യുവും സമരരംഗത്തുണ്ടായിരുന്നു. ഇവിടെയും രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി.