തിരുവനന്തപുരം: ചാലമാര്‍ക്കറ്റില്‍ കര്‍ശന നിയന്ത്രണം. മാര്‍ക്കറ്റിലേക്ക് ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനാനുമതിയുള്ളത്. മൊത്തവ്യാപാരികള്‍ക്ക് സാധനങ്ങള്‍ ഇറക്കാം. പൊലീസിന്‍റെ അനുമതിയോടെ ചില്ലറ വില്‍പനക്കാര്‍ക്ക് ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങുകയും ചെയ്യാം. എന്നാല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഇവിടേക്കുള്ള പ്രവേശനാനുമതി പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.
വ്യാപാരികള്‍ക്കും കടകളിലെ ജീവനക്കാര്‍ക്കും ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നിന്ന് വാഹനങ്ങള്‍ക്ക് പാസ് വാങ്ങണം. ചുമട്ട് തൊഴിലാളികള്‍ അവരുടെ ഐഡി കാര്‍ഡ് കൈയില്‍ കരുതണം. ചരക്കുലോറികൾക്ക് രാത്രി രണ്ട് മുതൽ രാവിലെ എട്ട് മണി വരെ കിള്ളിപ്പാലം, ചാല ഗേൾസ് ഹൈസ്‌കൂളിന് എതിർവശത്തുള്ള റോഡ് എന്നീ വഴികളിലൂടെ ചാലയിൽ പ്രവേശിക്കാം. സാധനങ്ങൾ ശേഖരിക്കാനെത്തുന്ന ചെറിയ പിക്കപ്പ്, ഓട്ടോറിക്ഷ എന്നിവ രാത്രി രണ്ട് മുതൽ എട്ട് മണി വരെ ചാല ഗേൾസ് ഹൈസ്‌കൂളിന് എതിർവശതുള്ള റോഡിലൂടെ പ്രവേശിച്ച് കൊത്തുവാൾ അമ്മൻകോവിലിന് മുന്നിലുള്ള റോഡിലൂടെ പുറത്തുപോകണം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.