തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് ഡ്യൂട്ടിക്കിടയില്‍ ഡോക്‌ടര്‍ രാഹുലിനെ മര്‍ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഈ വിഷയത്തില്‍ ഡോക്‌ടറുടെ വിഷമം മനസിലാക്കുന്നു. ഇതുപോലുള്ള സംഭവങ്ങളില്‍ അതിശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിയായ ഉദ്യോസ്ഥനെ സംരക്ഷിക്കില്ല
കേസില്‍ പ്രതിയായ പൊലീസ് ഉദ്യോസ്ഥനെ ഒരു കാരണവശാലും സംരക്ഷിക്കില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കുകയില്ല. ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരിന് ശക്തവും കൃത്യവുമായ നിലപാടുണ്ട്.
കൊവിഡ് മഹാമാരിക്കാലത്ത് കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും ആരോഗ്യ മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
Also Read: ഡോക്‌ടർമാർക്കെതിരായ അക്രമം: രാജ്യവ്യാപക പ്രതിഷേധവുമായി ഡോക്ടർമാർ
ചികിത്സാ പിഴവ് ആരോപിച്ച് അക്രമം
മെയ് 14ന് കൊവിഡ് ഡ്യൂട്ടിക്കിടയിലാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടർ രാഹുൽ മാത്യുവിനെ പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രൻ മർദിച്ചത്. ചികിത്സാ പിഴവ് ആരോപിച്ചായിരുന്നു അക്രമം. അദ്ദേഹത്തിന്‍റെ അമ്മയെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിന് പിന്നാലെയാണ് ഡോക്‌ടർക്കെതിരെ ആരോപണമുന്നയിച്ചുകൊണ്ട് പൊലീസിന്‍റെ മർദനം.
പ്രതിഷേധിച്ച് ഡോക്‌ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ്
സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്‌ടർമാർ കഴിഞ്ഞ 40 ദിവസമായി സമരത്തിലാണ്. കൂടാതെ അഭിലാഷിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഡോ. രാഹുൽ മാത്യു താൻ രാജി വയ്‌ക്കുന്നതായി അറിയിച്ചിരുന്നു. ഭരണപക്ഷ അനുകൂലിയായിരുന്നിട്ട് പോലും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും രാഹുൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.