തിരുവനന്തപുരം : അപകടത്തിൽപ്പെട്ട ഇരുചക്രവാഹനം പൊലീസ് തിരിച്ചുനൽകിയപ്പോൾ ബാറ്ററി ഉൾപ്പെടെയുള്ള പാർട്‌സുകൾ മോഷണം പോയതായി പരാതി. പൊലീസ് സ്റ്റേഷനിൽ നടന്ന മോഷണത്തിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് വാഹന ഉടമ.
ഓഗസ്റ്റ് 20ന് രാത്രിയില്‍, പൊഴിയൂർ ഹാപ്പി ഹോമിലെ ഷില്ലര്‍ എന്ന യുവാവ് സഞ്ചരിച്ചിരുന്ന കെ.എല്‍ 19 ജി 2919 എന്ന സ്‌കൂട്ടര്‍ വെട്ട്കടയിൽവച്ച് കാറുമായി കൂട്ടിയിടിച്ചു. തങ്ങളുടേതല്ലാത്ത കാരണത്താലുണ്ടായ അപകടത്തിൽ നീതി ഉറപ്പാക്കി വാഹനം ശരിയാക്കി നൽകാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷില്ലറുടെ ഭാര്യയും വാഹന ഉടമയുമായ ഗീതു പൊഴിയൂർ പൊലീസിൽ പരാതി നൽകി.
വാഹനം നശിപ്പിച്ച നിലയില്‍
അപകടം നടന്ന സ്ഥലത്തിന് സമീപത്തെ വീട്ടിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ പൊലീസിന്‍റെ നിർദേശപ്രകാരം ഓഗസ്റ്റ് 26 ന് പൊഴിയൂർ സ്റ്റേഷനിലെത്തിച്ചു.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്‍റിന്‍റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി, ഇരുചക്രവാഹനം പൊലീസ് സ്റ്റേഷനിൽനിന്ന് കൈപ്പറ്റുമ്പോൾ പൂർണമായും നശിപ്പിച്ച നിലയിലാണ് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു.
വാഹനത്തിന്‍റെ ബാറ്ററി, മുൻവശത്തെ ഇൻഡിക്കേറ്ററുകൾ, ഹെഡ്‌ലൈറ്റ്, സ്റ്റാർട്ടിങ് സ്വിച്ച്, നമ്പർ പ്ലേറ്റ് തുടങ്ങിയവ അപഹരിച്ച നിലയിലാണ്.
'പരാതിപ്പെട്ടപ്പോള്‍ ഭീഷണിയുമായി പൊലീസ്'
പൊലീസുകാർ രസീത് ഒപ്പിട്ട് വാങ്ങിയശേഷം വാഹനം കാണിച്ചതോടെ നിലവിലെ അവസ്ഥ കണ്ട് ഉടമ സ്വീകരിക്കാന്‍ തയ്യാറായില്ല. സ്‌കൂട്ടര്‍ സ്റ്റേഷനിൽ എത്തിയ്‌ക്കാന്‍ പറഞ്ഞ സമയത്ത് എടുത്ത ഫോട്ടോ കാണിച്ചപ്പോൾ, കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് കാണിച്ച് കേസെടുക്കുമെന്ന ഭീഷണിയാണ് പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് മറ്റൊരു ആരോപണം.
എന്നാൽ അപകടത്തിൽപ്പെട്ട വാഹനം അതേ അവസ്ഥയിൽ തിരികെ നൽകുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിന്‍റെ വിശദീകരണം.