തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്‍റെ മൂന്നാം ദിനത്തിൽ എറണാകുളം ജില്ലയിലെ മാർ ബേസിൽ എച്ച്‌എസ്‌എസ് കോതമംഗലം സ്‌കൂളിനെ അട്ടിമറിച്ച് മലപ്പുറം ജില്ലയിലെ ഐഡിയൽ ഇഎച്ച്‌എസ്‌എസ് കടകശേരി സ്‌കൂൾ ഒന്നാം സ്ഥാനത്തെത്തി. അഞ്ച് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 37 പോയിന്‍റാണ് ഐഡിയൽ ഇഎച്ച്‌എസ്‌എസ് കടകശേരി സ്‌കൂൾ നേടിയത്. ആദ്യ രണ്ട് ദിനങ്ങളിൽ ഒന്നാം സ്ഥാനത്ത് തുടർന്ന മാർ ബേസിൽ എച്ച്‌എസ്‌എസ് കോതമംഗലം സ്‌കൂൾ നിലവിൽ രണ്ടാം സ്ഥാനത്താണ്.
നാല് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 31 പോയിന്‍റാണ് സ്‌കൂളിന്‍റെ നേട്ടം. മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമടക്കം 31 പോയിന്‍റുമായി പാലക്കാട് ജില്ലയിലെ കെഎച്ച്‌എസ് കുമരംപുത്തൂർ സ്‌കൂളാണ് തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്തുള്ളത്. ജില്ല തലത്തിൽ 133 പോയിന്‍റുമായി പാലക്കാട് ജില്ല ഒന്നാം സ്ഥാനത്തും 56 പോയിന്‍റുമായി മലപ്പുറം രണ്ടാം സ്ഥാനത്തും 55 പോയിന്‍റുമായി എറണാകുളം മൂന്നാം സ്ഥാനത്തുമാണ്.
മേളയുടെ മൂന്നാം ദിനമായ ഇന്ന് 5000, 3000 മീറ്റർ റേസ് വാക്ക്, ഹാമർ ത്രോ, ലോങ്ങ് ജമ്പ്, ജാവലിൻ ത്രോ, 1500 മീറ്റർ, 110 മീറ്റർ ഹർഡിൽസ് തുടങ്ങിയ ഇനങ്ങളാണ് നടക്കുന്നത്. ആദ്യ സെഷൻ 11.20 ന് അവസാനിക്കും. തുടർന്ന് 1.30 മുതലാണ് രണ്ടാം സെഷൻ.