തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍. നവംബര്‍ 12 ന് തന്നെ പുതിയ തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍ ചുമതലയേല്‍ക്കും. അതിനുള്ള ക്രമീകരണങ്ങളുമായി കമ്മിഷന്‍ മുന്നോട്ടു പോകുകയാണ്. തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് ഭരണ ഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഇടിവി ഭാരതിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ജൂണ്‍ 17ന് പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേരു ചേര്‍ക്കാന്‍ ഇനിയും അവസരം ലഭിക്കും. ഇക്കാര്യം പൊതു ജനങ്ങളെ കമ്മിഷന്‍ കൃത്യസമയത്ത് അറിയിക്കും. നിലവിലുള്ള സ്ത്രീ, പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണത്തിന് മാറ്റമുണ്ടാകും. മറിച്ചുള്ള പ്രചാരണങ്ങള്‍ക്കും അടിസ്ഥാനമില്ല. സമീപ കാലത്ത് സര്‍ക്കാര്‍ നടത്തിയ പഞ്ചായത്ത് സെക്രട്ടറിമാരുടെ സ്ഥലം മാറ്റത്തില്‍ കമ്മിഷന്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഇത് വോട്ടര്‍ പട്ടിക പുതുക്കല്‍ അടക്കമുള്ള നടപടി ക്രമങ്ങളെ ബാധിക്കില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.