തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കര്‍ഷക ബില്ലുകളും പിന്‍വലിക്കണമെന്ന് സംസ്ഥാന നിയമസഭ കേന്ദ്രത്തോടഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഭരണപക്ഷവും പ്രതിപക്ഷവും അംഗീകരിച്ചു.
കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാരം കോര്‍പ്പറേറ്റുകള്‍ക്ക് കൈവശപ്പെടുത്താന്‍ അവസരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞു നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ നിയമം വന്നിട്ട് 100 ദിവസമായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ലാഘവത്തോടെയാണ് കണ്ടതെന്ന് കോണ്‍ഗ്രസ് നിയമസഭ കഷി ഉപനേതാവ് കെ.സി.ജോസഫ് ആരോപിച്ചു. ഇനി വേണ്ടത് പ്രമേയമല്ല. രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഡ് മാതൃകയില്‍ നിയമം പാസാക്കുകയാണ് വേണ്ടത്. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന് മൃദു സമീപനമെന്നും സഭ ചേരാന്‍ അനുവാദം തേടി ക്രിസ്‌മസ് കേക്കുമായി രണ്ടു മന്ത്രിമാരെ രാജ്ഭവനിലേക്കയക്കുകയായിരുന്നെന്ന് കെ.സി.ജോസഫ് പരിഹസിച്ചു.
അതേസമയം, ബിജെപി അംഗം ഒ. രാജഗോപാല്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ചു. കര്‍ഷകര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുന്നതാണ് കാര്‍ഷിക നിയമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ കര്‍ഷകര്‍ക്കെതിരാണ്. ഇടനിലക്കാരെയും കമ്മിഷന്‍ ഏജന്റുമാരെയും പൂര്‍ണമായി അകറ്റി നിര്‍ത്തുന്നതാണ് നിയമമെന്ന് രാജഗോപാല്‍ വിശദീകരിച്ചു.