തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തോടനുബന്ധിച്ചുള്ള ദേശീയ നൃത്ത സംഗീത മേളയ്ക്ക് ഇന്ന് തുടക്കം. സംഗീത മേളയിൽ രാജ്യത്തെ പ്രമുഖരായ കലാകാരൻമാര്‍ പങ്കെടുക്കും. 31 ദിവസം നീണ്ടു നില്‍ക്കുന്നതാണ് 'സമര്‍പ്പണം' എന്ന കലാമേള. മോഹിനിയാട്ടം, ഭരതനാട്യം, കഥക്, ഒഡീസി, കുച്ചിപ്പുടി തുടങ്ങിയ നൃത്തരൂപങ്ങള്‍ വിവിധ കലാകാരന്‍മാര്‍ അവതരിപ്പിക്കും. ഭജന്‍സ്, കര്‍ണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി കച്ചേരി തുടങ്ങിയവയും മേളയിലുണ്ട്. ഗായിക മഞ്ചരിയുടെ ഭജന്‍സോടെയാണ് കലാമേള ആരംഭിക്കുന്നത്.
നാളെ മേതില്‍ ദേവികയുടെ മോഹിനിയാട്ടം അരങ്ങിലെത്തും. നീന പ്രസാദ്, ഉത്തര ഉണ്ണി, രാജശ്രീ വാര്യര്‍, വിന്ദുജാ മേനോന്‍, പത്മപ്രിയ, ജാനകി രാമന്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങി നിരവധി കാലാകാരന്‍മാരാണ് ശ്രീപത്മനാഭസ്വാമിക്കുള്ള കാണിക്കയായി കലാ സമര്‍പ്പണം നടത്തുന്നത്. സൂര്യ കൃഷ്‌ണമൂര്‍ത്തിയാണ് കലാപരിപാടികള്‍ ഏകോപിപ്പിക്കുന്നത്. ജനുവരി പതിനാലിന് 100 കലാകാരന്‍മാര്‍ പങ്കെടുക്കുന്ന മെഗാ ഷോയായ രാധാ-കൃഷ്ണ അരങ്ങിലെത്തും. ഈ പരിപാടിയോടെയാണ് കലാമേള സമാപിക്കുക. പതിനഞ്ചിനാണ് മുറജപത്തോടനുബന്ധിച്ചുള്ള ലക്ഷദീപം.