തിരുവനന്തപുരം: നവോഥാന നായകനായ ചട്ടമ്പി സ്വാമിക്ക് ഉചിതമായ സ്‌മാരകം നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങൾ എല്ലാ കാലത്തും പ്രസക്തമാണ്. അനാചാരങ്ങൾക്കെതിരെയാണ് ഗുരു പോരാടിയത്. എന്നാൽ കാലം മാറിയിട്ടും ചില ദുരാചാരങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്. ഇതിനെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് മ്യൂസിയത്തിന് സമീപം ഒബ്‌സർവേറ്ററി ഹില്ലിലാണ് ഗുരുപ്രതിമ സ്ഥാപിച്ചിരിക്കുന്നത്. എട്ടര അടി ഉയരത്തിൽ ധ്യാന നിരതനായി ഇരിക്കുന്ന രീതിയിലാണ് പ്രതിമ. വെങ്കലത്തിലാണ് നിർമാണം. പ്രശസ്‌ത ശിൽപി ഉണ്ണി കാനായി ആണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. പ്രതിമയോട് അനുബന്ധിച്ച് 20 സെൻ്റ് സ്ഥലത്ത് ഗുരുവിൻ്റെ ആശയങ്ങളും ദർശനങ്ങളും ആലേഖനം ചെയ്ത പൂന്തോട്ടവും ഒരുക്കും. സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ ആദ്യമായാണ് ഒരു ശ്രീനാരായണ ഗുരു പ്രതിമ സ്ഥാപിക്കുന്നത്.