തിരുവനന്തപുരം: സ്പ്രിംഗ്ലർ കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവെയ്ക്കുന്നതാണ് സർക്കാർ കോടതിയിൽ എടുത്ത നിലപാടെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കമ്പനിയുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകാത്തത് ആർക്കു വേണ്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി.
പണം വാങ്ങി കെപിസിസി സെക്രട്ടറിമാരെ നിയമിക്കുന്നുവെന്ന ആരോപണം മുല്ലപ്പള്ളി തള്ളിക്കളഞ്ഞു. ആരോപണം ഉന്നയിച്ച് കെപിസിസി ആസ്ഥാന പരിസരത്ത് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. പിതൃശൂന്യമായ പോസ്റ്ററുകൾക്ക് മറുപടിയില്ലെന്നും പോസ്റ്റർ പതിച്ചവരെ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ഏഴു തവണ എം പി യും രണ്ടു തവണ കേന്ദ്ര മന്ത്രിയുമായ തന്‍റെ പൊതുജീവിതം സുതാര്യമാണെന്ന് ജനങ്ങൾക്കറിയാം. സർക്കാരിന്‍റെ നാലാം വാർഷിക ദിനമായ മേയ് 25 ന് സംസ്ഥാനത്തെ 19000 വാർഡുകളിലും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കി.