തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച കായികാധ്യാപകൻ അറസ്‌റ്റിൽ. കുറ്റിച്ചൽ പരുത്തിപ്പള്ളി സ്‌കൂളിലെ അധ്യാപകനായ കുടവൂർ വേങ്ങോട് ഭാസ്‌കരവിലാസത്തിൽ ചന്ദ്രദേവ് (46)ആണ് പിടിയിലായത്.
ജില്ലാതലത്തിൽ പങ്കെടുത്ത കായിക മത്സരത്തിന്‍റെ സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞായിരുന്നു ഇയാൾ കുട്ടിയെ സമീപിച്ചത്. കുട്ടി മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് നെയ്യാർഡാം പൊലീസ് കേസെടുക്കുകയായിരുന്നു.
ആറ്റിങ്ങൽ ഭാഗത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ പാങ്ങോട് പൊലീസ് സ്റ്റേഷനിലും സമാനമായ കേസുകൾ നിലവിലുണ്ട്. ഭരതന്നൂർ സ്വദേശിയ കുട്ടിയോട് മോശമായി പെരുമാറിയതിനായിരുന്നു പാങ്ങോട് പൊലീസ് കേസെടുത്തത്.
ALSO READ: മുട്ടില്‍ മരം മുറി : സിപിഐ എക്‌സിക്യുട്ടീവ് യോഗം ബുധനാഴ്‌ച
ഇയാൾ അറസ്റ്റിലായതോടെ നിരവധി രക്ഷിതാക്കളിൽ നിന്നും സമാന ആരോപണങ്ങൾ ഉയരുന്നുണ്ട്. നെയ്യാർഡാം സിഐ ബിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കും.