തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും അതിഥി തൊഴിലാളികളുമായി ഝാര്‍ഖണ്ഡിലേക്കുള്ള പ്രത്യേക ട്രെയിൻ പുറപ്പെട്ടു. 1,125 തൊഴിലാളികളുമായി ഝാര്‍ഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിലേക്ക് വൈകിട്ട് നാല് മണിയോടെയാണ് ട്രെയിന്‍ യാത്ര തിരിച്ചത്. യാത്രക്ക് മുമ്പ് കൊവിഡ് പരിശോധന നടത്തിയിരുന്നു. പനിയുടെ ലക്ഷണങ്ങള്‍ കണ്ട ചിലരെ ക്യാമ്പുകളില്‍ തിരികെയെത്തിച്ച് നിരീക്ഷണത്തിലാക്കി. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അകപ്പെട്ട് ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവരാണ് നാട്ടിലേക്ക് മടങ്ങിയത്.
സാമൂഹിക അകലം പാലിച്ചാണ് യാത്ര. ജനറല്‍ കമ്പാര്‍ട്ടുമെന്‍റില്‍ 34 പേരും മറ്റു ബോഗികളില്‍ പരമാവധി 54 പേര്‍ വീതവുമാണ് യാത്ര ചെയ്യുന്നത്. നിരീക്ഷണത്തിനായി 12 സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ട്രയിനില്‍ ഉണ്ട്. യാത്രക്കാര്‍ക്കുള്ള ഭക്ഷണവും കുടിവെള്ളവും ട്രെയിനില്‍ ലഭിക്കും. ടിക്കറ്റ് ചാര്‍ജ് തൊഴിലാളികള്‍ നല്‍കണം. കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസുകളിലാണ് ഇവരെ റയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. നാട്ടിലെത്തിയ ശേഷവും കൊവിഡ് പരിശോധനയും നിരീക്ഷണവും ഉണ്ടാകും. 36 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷമാകും ട്രെയിൻ റാഞ്ചിയിലെത്തുക. അതിഥി തൊഴിലാളികളുമായി സംസ്ഥാനത്തിന് പുറത്തേക്ക് പുറപ്പെടുന്ന രണ്ടാമത്തെ പ്രത്യേക ട്രെയിന്‍ സര്‍വീസാണിത്. കഴിഞ്ഞ ദിവസം ഒഡീഷയിലേക്ക് അതിഥി തൊഴിലാളികളുമായി ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നു.