തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ പരിശോധനക്കായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്‍റലിജന്‍സ്) രൂപീകരിച്ചു. ഭക്ഷ്യ വിഷ ബാധ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ് ഫോഴ്‌സ് രൂപീകരണത്തിന്‍റെ ലക്ഷ്യം. മായം കലര്‍ത്തുന്ന ഭക്ഷ്യ വസ്‌തുക്കള്‍ വിപണിയിൽ എത്തുന്നതിന് മുമ്പായി രഹസ്യമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.
ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്‍റ് കമ്മിഷണര്‍, രണ്ട് ഭക്ഷ്യ സുരക്ഷ ഓഫിസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരടങ്ങുന്ന സംഘമാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലുള്ളത്.
സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ ചുമതലകള്‍:
- ഭക്ഷ്യ വിഷബാധ, ഭക്ഷ്യവസ്‌തുക്കളിലെ മായം ചേര്‍ക്കല്‍, അവയുടെ ഉത്പാദക കേന്ദ്രങ്ങള്‍, വിപണന മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് പഠിച്ച് അവ ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച് റിപ്പോര്‍ട്ട് നല്‍കല്‍.
- ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ അവ വേഗത്തില്‍ നിയന്ത്രിക്കാനുള്ള ഇടപെടല്‍, അന്വേഷണം, റിപ്പോര്‍ട്ട് ചെയ്യല്‍, പ്രവര്‍ത്തനം ഏകോപിപ്പിക്കല്‍ തുടങ്ങിയവ.
- ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ, നെയ്യ് എന്നിവ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍, അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍, വ്യാജ ഓര്‍ഗാനിക്ക് ഉത്പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍, എന്നിവ കണ്ടെത്തി നടപടിയ്‌ക്ക് നിര്‍ദേശം നല്‍കല്‍.
- ഹെല്‍ത്ത് സപ്ലിമെന്‍റ്, ഫുഡ് സപ്ലിമെന്‍റ് എന്നിവയുടെ നിര്‍മാണ രീതികളെ കുറിച്ച് അന്വേഷണം നടത്തുക
- ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
- സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചുള്ള പരാതികളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ടാസ്‌ക് ഫോഴ്‌സ് അവരുടെ പ്രവര്‍ത്തനങ്ങള്‍ അതീവ ഗൗരവത്തോടും കൂട്ടുത്തരവാദിത്തത്തോട് കൂടിയും രഹസ്യ സ്വഭാവത്തോട് കൂടിയും നിറവേറ്റണമെന്നാണ് കമ്മിഷണറുടെ നിര്‍ദേശം. ഭക്ഷ്യ വിഷ ബാധയുടെ റിപ്പോര്‍ട്ടും പ്രത്യേക അന്വേഷണം നടത്തുന്ന റിപ്പോര്‍ട്ടും കാലതാമസം വരുത്താതെ കമ്മിഷണര്‍ക്ക് സമര്‍പ്പിക്കണം. ആറ് മാസത്തിലൊരിക്കള്‍ ഫോഴ്‌സിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും.