തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിന്‍റെ പേരില്‍ തുര്‍ച്ചയായ രണ്ടാം ദിവസവും നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് നിരാകരിച്ച സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങളെ ശാസിക്കുന്നതിനിടെ ഷാഫി പറമ്പില്‍ അടുത്ത തവണ തോല്‍ക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശം വിവാദമായി. പരാമര്‍ശത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഷാഫി പറമ്പിലും അന്‍വര്‍ സാദത്തും രംഗത്തു വന്നു.
റോജി എം ജോണ്‍ നോട്ടീസ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാനാകില്ലെന്നും ആദ്യ സബ്‌മിഷനായി റോജിക്ക് ഈ വിഷയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാമെന്ന് പറഞ്ഞ് സ്പീക്കര്‍ അടുത്ത നടപടിയിലേക്ക് കടന്നതോടെയാണ് പ്രതിപക്ഷം പ്രകോപിതരായി നടുത്തളത്തിലിറങ്ങിയത്. അവര്‍ പ്ലക്കാര്‍ഡുകളും ബാനറുകളും സ്പീക്കറുടെ മുഖം മറച്ചു പിടിച്ചതോടെ സ്പീക്കറും പ്രകോപിതനായി. ഇങ്ങനെ മുഖം മറച്ചു പിടിക്കരുതെന്ന് ആദ്യം ടി.ജെ വിനോദിനെ പേരു വിളിച്ച് സ്പീക്കര്‍ ശാസിച്ചു.
പിന്നാലെ വെറും തുച്ഛമായ ഭൂരിപക്ഷത്തിനാണ് ജയിച്ചതെന്നും എല്ലാം ചാലക്കുടിയിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അടുത്ത നിയമസഭയില്‍ വരേണ്ടതാണെന്നും സനീഷ്‌കുമാര്‍ ജോസഫിനോട് സ്പീക്കര്‍ പറഞ്ഞു. തന്‍റെ മുഖം മറയ്ക്കരുതെന്ന് വീണ്ടും വീണ്ടും ആവശ്യപ്പെട്ടു കൊണ്ടിരുന്നു. വിന്‍സന്‍റ്, റോജി എന്നീപേരുകള്‍ ആവര്‍ത്തിച്ച് സ്പീക്കര്‍ വിളിക്കുന്നുണ്ടായിരുന്നു. ഇതൊക്കെ എറണാകുളത്തെ ജനങ്ങള്‍ കാണുന്നുണ്ടെന്ന് സ്പീക്കര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.
ബാനര്‍ പിടിക്കുന്ന അളുകള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ടായി. എ.കെ.എം അഷറഫിനെ ആവര്‍ത്തിച്ച് ശാസിച്ച സ്പീക്കര്‍, വെറുതെ നടപടി വാങ്ങിച്ചു വയ്‌ക്കേണ്ടെന്ന് അഷറഫിനെ ഓര്‍മ്മിപ്പിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിനിടെയാണ് ഷാഫി ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അടുത്ത തവണ തോല്‍ക്കുമെന്നും സ്പീക്കര്‍ പറഞ്ഞത്. ഇതൊന്നും വകവയ്ക്കാതെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ മുദ്രാവാക്യം വിളികളുമായി തുടര്‍ന്നു. ഒന്നര മണിക്കൂറിനു ശേഷം സഭ ബഹിഷ്‌കരിച്ചു പുറത്തു വന്നപ്പോഴാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഫാഫി പറമ്പിലും സ്പീക്കറുടെ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. പരാമര്‍ശം സ്പീക്കര്‍ പിന്‍വലിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.