തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ സ്‌പീക്കറുടെ ഓഫിസിന് മുന്നിലുണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ അംഗങ്ങളുടെ പേഴ്‌സണല്‍ സ്റ്റാഫിനും നോട്ടിസ് അയച്ചത് നിയമപരമായ നടപടിയെന്ന് സ്‌പീക്കര്‍ എ.എന്‍ ഷംസീര്‍. കേരള നിയമസഭ രൂപീകരിച്ച് പ്രഥമ സമ്മേളനം ചേര്‍ന്നതിന്‍റെ 66ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടന്ന രാഷ്‌ട്ര ശില്‍പികളുടെ അനുസ്‌മരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സ്‌പീക്കറുടെ പ്രതികരണം.
'നിയമസഭ മന്ദിരം അതീവ സുരക്ഷ മേഖലയാണ്. സഭയിലെ കോറിഡോറില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവാദമില്ലെന്നും അത് ചട്ടങ്ങളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സ്‌പീക്കര്‍ പറഞ്ഞു. ഈ ചട്ടങ്ങള്‍ മാധ്യമങ്ങള്‍ക്കും ബാധകമാണ്. നിയമ വിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും ഇതിനെതിരെ നടപടി ഉണ്ടാവും. ഇത് അനുസരിച്ചുളള നടപടി ക്രമത്തിന്‍റെ ഭാഗമായാണ് നിയമസഭ സെക്രട്ടേറിയറ്റ് നോട്ടിസ് നല്‍കിയത്. മന്ത്രിമാരുടെയും ഭരണപക്ഷ എംഎല്‍എമാരുടെയും സ്റ്റാഫുകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും'. നോട്ടിസ് നല്‍കിയതിനെ വിമര്‍ശിച്ചുള്ള പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും സ്‌പീക്കര്‍ പറഞ്ഞു.
തുടര്‍ച്ചയായി അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ നിയമസഭ സമ്മേളന സമയത്ത് പ്രതിപക്ഷം സീക്കറുടെ ഓഫിസിന് മുന്നില്‍ ഉപരോധ സമരം നടത്തിയത്. ഇതിനിടയില്‍ സ്‌പീക്കര്‍ ഓഫിസിലേക്ക് എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. കെ.കെ രമ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ക്കും നിയമസഭ വാച്ച് ആന്‍റ് വാര്‍ഡുമാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഈ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കാണ് നോട്ടിസ് നല്‍കിയത്.
ഭരണപക്ഷ എംഎല്‍എമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും പ്രതിപക്ഷ നേതാവിന്‍റെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കുമാണ് നോട്ടിസ് നല്‍കിയത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ഭയപ്പെടുത്തി ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് സ്‌പീക്കര്‍ പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം.