തിരുവനന്തപുരം : നിയമസഭ പാസാക്കി ഗവര്‍ണറുടെ പരിഗണനയ്‌ക്കയച്ച ചില ബില്ലുകള്‍ ഇപ്പോഴും ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്നത് സംബന്ധിച്ച് ചാടിക്കേറി അഭിപ്രായം പറയാനില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഗവര്‍ണര്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റുമെന്നാണ് പ്രതീക്ഷയെന്നും ഇക്കാര്യത്തില്‍ താന്‍ ശുഭാപ്തി വിശ്വാസിയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.
സ്പീക്കര്‍ ഇടപെടേണ്ട ഘട്ടം വരുമ്പോള്‍ അക്കാര്യം നോക്കാം. നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ ഇപ്പോഴും ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്നതിന് പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യോത്തരവേള തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് സഭ ടിവിയിലൂടെ നല്‍കുന്ന സൗകര്യം തുടര്‍ന്നും ലഭ്യമാക്കുമെന്ന് എ എന്‍ ഷംസീര്‍ വ്യക്തമാക്കി. മാധ്യമങ്ങളെ ഇതിന് പ്രവേശിപ്പിക്കുന്ന കാര്യം ഘട്ടംഘട്ടമായി ആലോചിക്കും. നിലവില്‍ മാധ്യമ നിയന്ത്രണം ഒന്നും തന്നെ ഏര്‍പ്പെടുത്തിയിട്ടില്ല. സഭ ടിവിയിലൂടെ നല്‍കുന്നത് ആ ചാനലിന്‍റെ പ്രചാരണത്തിനും അത് ജനങ്ങള്‍ അറിയുന്നതിനും വേണ്ടിയാണെന്നും സ്‌പീക്കര്‍ പറഞ്ഞു.
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ ഒമ്പത് ദിവസം ഉണ്ടായിരിക്കും. സഭ നീട്ടുന്നത് സംബന്ധിച്ചോ നയപ്രഖ്യാന പ്രസംഗം ഒഴിവാക്കുന്നത് സംബന്ധിച്ചോ തീരുമാനിക്കേണ്ടത് സ്പീക്കറല്ല. ഇക്കാര്യം സര്‍ക്കാര്‍ തീരുമാനിച്ച് അറിയിക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഇക്കാര്യത്തെ കുറിച്ച് തനിക്ക് അഭിപ്രായം പറയാനാകില്ല. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെയും നിയമസഭ ശതാബ്‌ദി ആഘോഷങ്ങളുടെയും ഭാഗമായി നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടത്താനിരുന്ന അന്താരാഷ്‌ട്ര പുസ്‌തകോത്സവം 2023 ജനുവരി ഒമ്പത് മുതല്‍ 15 വരെയുള്ള തീയതികളിലേക്ക് മാറ്റിയതായും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.