തിരുവനന്തപുരം : സില്‍വര്‍ ലൈനിനെതിരെ ദക്ഷിണ റെയില്‍വേ (Southern Railway report against Silver Line). ഭാവി റെയില്‍ വികസനത്തിന് തടസം സൃഷ്‌ടിക്കുമെന്ന് ഉള്‍പ്പടെ ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. നിലവിലെ പദ്ധതിയുടെ രൂപരേഖയില്‍ പലയിടത്തും റെയില്‍വേ ലൈനുകള്‍ക്ക് കുറുകെ സഞ്ചാരപാത നിര്‍മിക്കേണ്ടി വരും. ഇത് ഭാവിയിലെ റെയില്‍വേ വികസനത്തിന് തടസം സൃഷ്‌ടിക്കും.
റെയില്‍വേ കൂടി പദ്ധതി ചെലവ് വഹിക്കുന്നതിനാല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 183 ഹെക്‌ടര്‍ ഭൂമി സില്‍വര്‍ ലൈനിനായി ആവശ്യമുണ്ട്. റെയില്‍വേ ഭൂമി പദ്ധതിക്കായി നല്‍കാമെന്ന് റെയില്‍വേ ഉറപ്പ് നല്‍കിയിരുന്നെങ്കിലും പലയിടത്തും ഭൂമി റെയില്‍വേ വികസനത്തിനും മറ്റ് പദ്ധതികള്‍ക്കുമായി വകയിരുത്തിയിരിക്കുകയാണ്. റെയില്‍വേയുടെ ആവശ്യത്തിനായി പുനര്‍നിര്‍മാണങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന രൂപരേഖയാണ് സില്‍വര്‍ ലൈനിന്‍റേതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പ്രഖ്യാപനം മുതല്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട പദ്ധതിയാണ് സില്‍വര്‍ ലൈന്‍. പ്രതിപക്ഷം ഉള്‍പ്പടെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത് എന്നാരോപിച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തുവന്നിരുന്നു.
പദ്ധതിക്കായി ഏറ്റെടുത്ത നൂറുകണക്കിന് ഏക്കര്‍ ഭൂമി ഉപയോഗശൂന്യമായെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ആളുകള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനം പറയണമെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശാലമായ പദ്ധതി രേഖ (ഡിപിആര്‍) ഇതുവരെ പിണറായി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇത് തയാറാക്കിയ ഫ്രഞ്ച് കമ്പനിക്ക് 22.27 കോടി രൂപ നല്‍കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതിവര്‍ഷം 13.49 കോടി രൂപ ശമ്പളവും കൂടാതെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് 20.5 കോടി രൂപയും നല്‍കി. 197 കിലോ മീറ്ററില്‍ 6737 മഞ്ഞക്കുറ്റികള്‍ സ്ഥാപിക്കാന്‍ 1.48 കോടി രൂപ ചെലവായി. സില്‍വര്‍ലൈന്‍ കൈ പുസ്‌തകം, സംസ്ഥാന വ്യാപകമായ പ്രചാരണങ്ങള്‍, സംവാദങ്ങള്‍ തുടങ്ങിയവ കൂടി കൂട്ടിയാല്‍ 57 കോടിയോളമാണ് ചെലവ്. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഇത് താങ്ങാനാകുന്നതല്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു.