തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവദാസ് - വത്സല ദമ്പതികളുടെ ഏകമകളായ സൂര്യഗായത്രിയെ (20) കുത്തി കൊലപ്പെടുത്തുകയും അമ്മ വത്സലയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്‌ത സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ആറ് ലക്ഷം രൂപ പിഴയും. പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അശോകൻ മകൻ അരുണിനാണ് (29) കോടതി ജീവപര്യന്തം കഠിനതടവും ആറ് ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ ഒടുക്കിയില്ലങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണം.
ജീവപര്യന്തം തടവിന് പുറമേ സൂര്യഗായത്രിയുടെ അമ്മ വത്സലയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും, ഭവന ഭേദനത്തിന് അഞ്ച് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും, വത്സലയെ വെട്ടി പരിക്കേൽപ്പിച്ചതിന് രണ്ട് വർഷം കഠിന തടവും, കുറ്റകരമായ ഭയപ്പെടുത്തലിന് രണ്ട് വർഷം കഠിന തടവും, പിതാവ് ശിവദാസനെ ദേഹോപദ്രവം ചെയ്‌തതിന് ഒരു വർഷം കഠിന തടവും അനുഭവിക്കണമെന്നും തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്‌ജ് കെ.വിഷ്‌ണു ഉത്തരവിട്ടു. ശിക്ഷകൾ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ മാതാവ് വത്സലയ്ക്ക് ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്ന് നഷ്‌ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും പ്രത്യേക പ്രശംസ: സൂര്യഗായത്രി കൊലക്കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച ഉദ്യോഗസ്ഥനെയും കേസ് വിചാരണ പൂര്‍ത്തിയാക്കിയ പ്രോസിക്യൂഷനെയും കോടതി പ്രത്യേകം പ്രശംസിച്ചു. കുറ്റമറ്റ രീതിയില്‍ അടുക്കും ചിട്ടയോടും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനായ ബി.എസ് സജിമോന്‍ പ്രതിക്കെതിരായ ഒരു തെളിവും നഷ്‌ടമാകാതെ ശേഖരിച്ച് കോടതിയില്‍ ഹാജരാക്കിയതാണ് പ്രോസിക്യൂഷന് സഹായകരമായതെന്ന് കോടതി വിലയിരുത്തി. ഇത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ അന്വേഷണ മികവ് വെളിവാക്കുന്നതായും കോടതി നിരീക്ഷിച്ചു.
മാത്രമല്ല പൊലീസ് ഹാജരാക്കിയ ഒരോ തെളിവും കൃത്യതയോടെ പ്രതിക്കെതിരായി കോടതിയെ ധരിപ്പിക്കുന്നതില്‍ പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ മികവ് കാണിച്ചതായും ഉത്തരവില്‍ പറയുന്നു. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതിക്ക് എതിരായി കോര്‍ത്തിണക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചുവെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താന്‍ പ്രോസിക്യൂഷന്‍ അശ്രാന്ത പരിശ്രമം നടത്തിയതായും കോടതി നിരീക്ഷിച്ചു. അതേസമയം പ്രേമനൈരാശ്യവും, വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സൂര്യഗായത്രിയുടെ അമ്മ വത്സല, അച്ഛൻ ശിവദാസ് എന്നിവരായിരുന്നു കേസിലെ ദൃക്‌സാക്ഷികൾ.
കേസില്‍ 39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചിരുന്നു. 64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, അഡ്വ.വിനു മുരളി, അഡ്വ.മോഹിത മോഹൻ, അഡ്വ.അഖില ലാൽ, അഡ്വ.ദേവിക മധു എന്നിവർ ഹാജരായി. വലിയമല സർക്കിൾ ഇൻസ്‌പെക്‌ടറും ഇപ്പോൾ ക്രൈംബ്രാഞ്ച് അഡ്‌മിനിസ്ട്രേഷൻ ഡിവൈഎസ്‌പിയുമായ ബി.എസ്. സജിമോൻ, സിവിൽ പൊലീസ് ഓഫീസർമാരായ സനൽരാജ്.ആർ.വി, ദീപ.എസ് എന്നിവരാണ് കേസിൻ്റെ അന്വേഷണ നടത്തി കുറ്റപത്രം ഹാജരാക്കിയത്.
കൊലപാതകം ഇങ്ങനെ: 2021 ഓഗസ്‌റ്റ് 30ന് തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കൃത്യത്തിനാസ്‌പദമായ സംഭവം നടന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരിലെ വീട്ടിലെത്തിയായിരുന്നു പ്രതിയുടെ ആക്രമണം. ശാരീരിക വെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും. ഉച്ചയോടെയാണ് ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് നിലവിളി ഉയര്‍ന്നുകേട്ടത്. വീടിൻ്റെ അടുക്കള വാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നത് കണ്ട അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി പരിക്കേല്‍പ്പിച്ചു.
സൂര്യയുടെ തലമുതല്‍ കാല്‍ വരെ 33 ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്. കൂടാതെ തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ അക്രമം അവസാനിപ്പിച്ചില്ല. സൂര്യയുടെ പിതാവ് ശിവദാസൻ്റെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി. അയൽവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അരുൺ സമീപത്തെ മറ്റൊരു വീടിന്‍റെ ടെറസ്സില്‍ ഒളിക്കാൻ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നാട്ടുകാരും പൊലീസും ചേർന്ന് അരുണിനെ പിടികൂടുന്നത്.
അടങ്ങാത്ത ക്രൂരത: അതേസമയം സൂര്യയെ കുത്തി കൊലപ്പെടുത്തുന്നതിനിടയില്‍ സ്വന്തം കൈ ആഴത്തിൽ മുറിഞ്ഞിട്ടും അരുൺ അക്രമം അവസാനിപ്പിച്ചിരുന്നില്ല. മകളെ കൊല്ലാൻ ശ്രമിക്കുന്നത് കണ്ട് നിലവിളിച്ച സൂര്യയുടെ അമ്മ വത്സലയുടെ വായ ഇടതുകൈ കൊണ്ട് പൊത്തിപ്പിടിച്ച ശേഷം അരുൺ മുറിവേറ്റ വലതുകൈ കൊണ്ട് സൂര്യഗായത്രിയെ കുത്തി. അക്രമം തടഞ്ഞ സൂര്യയുടെ പിതാവ് ശിവദാസനെയും ഇയാൾ ചവിട്ടി താഴെയിട്ട് മർദിക്കുകയായിരുന്നു. തലയിലെ ആഴത്തിലുള്ള നാല് മുറിവുകളും വയറിനും ജനനേന്ദ്രിയത്തിനും ആന്തരികാവയവങ്ങൾക്കുമേറ്റ കുത്തുകളുമാണ് സൂര്യയെ മരണത്തിലേക്കു നയിച്ചത്.
സംഭവത്തിനും രണ്ട് വർഷം മുമ്പ് അരുൺ സൂര്യയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, ക്രിമിനൽ പശ്ചാത്തലമുള്ള അരുണിന്‍റെ ബന്ധം വീട്ടുകാർ നിരസിച്ചു. തുടർന്ന് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നു. എന്നാല്‍ സൂര്യയുടെ ഭർത്താവിനേയും അരുൺ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അങ്ങനെയിരിക്കെ ഭർത്താവിൻ്റെ വീട്ടിൽ നിന്നും സൂര്യ ഉഴപ്പാക്കോണത്തെ വാടകവീട്ടിൽ അമ്മയെ കാണാനെത്തി. ഇതറിഞ്ഞാണ് പേയാട് നിന്നും അരുൺ നെടുമങ്ങാട് കരിപ്പൂരുള്ള സൂര്യയുടെ വീട്ടിലെത്തിയത്.
അക്ഷോഭ്യനായി പ്രതി: സൂര്യഗായത്രി കൊലക്കേസിലെ പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുണ്‍ കോടതി നേരിട്ട് നടത്തിയ വിചാരണ നേരിട്ടത് അക്ഷോഭ്യനായി. നിലവില്‍ ജയിലില്‍ കഴിയുന്ന പ്രതി യാതൊരു കൂസലുമില്ലാതെയും അല്‍പം പോലും കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെയുമാണ് കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഇത് കോടതിയെ പോലും അത്ഭുതപ്പെടുത്തി. സഹതടവുകാരില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കിയെത്തിയ പ്രതി, കോടതി നേരിട്ട് ചോദിച്ച ഒരോ ചോദ്യങ്ങള്‍ക്കും തന്ത്രപരമായ മറുപടിയാണ് നല്‍കിയത്.
സംഭവസ്ഥലത്തെ തന്‍റെ സാന്നിധ്യം സമ്മതിച്ച പ്രതി താനല്ല കൊലപ്പെടുത്തിയതെന്നും സൂര്യഗായത്രി തന്നെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും കോടതിയെ അറിയിച്ചു. സൂര്യഗായത്രി തന്നെ കുത്താന്‍ ഉപയോഗിച്ച കത്തി പിടിച്ച് വാങ്ങി നിലത്ത് എറിഞ്ഞു പോയതായി പറഞ്ഞ പ്രതി കോടതിയിലുളള രക്തം പുരണ്ട തന്‍റെ വസ്ത്രങ്ങള്‍ പോലും തന്‍റേതല്ലെന്നും പറഞ്ഞൊഴിഞ്ഞു. ആദ്യമൊന്നും സൂര്യഗായത്രിയുടെ അയല്‍വാസികളാണ് തന്നെ പിടികൂടി പോലീസില്‍ എല്‍പ്പിച്ചതെന്ന് സമ്മതിക്കാതിരുന്ന പ്രതി പിന്നീട് ഇക്കാര്യം കോടതിയില്‍ സമ്മതിക്കുകയായിരുന്നു. പ്രതി തന്നെ തന്‍റെ സാന്നിധ്യം സമ്മതിച്ചതും സംഭവസമയം പ്രതിക്കേറ്റ പരിക്കും കേസില്‍ പ്രോസിക്യൂഷന് ഏറെ സഹായകരമായ തെളിവായി മാറുകയായിരുന്നു.
അടങ്ങാത്ത പ്രണയ പക: കൊല്ലപ്പെട്ട സൂര്യഗായത്രിയോട് പ്രതിക്ക് ഉണ്ടായിരുന്ന അടങ്ങാത്ത പ്രണയത്തിന്‍റെ നിഷ്‌ഫല സാക്ഷാത്കാരത്തിന്‍റെ ഒടുങ്ങാത്ത പകയായിരുന്നു കൊലപാതകത്തില്‍ പര്യവസാനിച്ചത്. നിര്‍ധന കുടുംബാംഗമായ സൂര്യഗായത്രിയെ പണവും സ്വര്‍ണവും നല്‍കി സ്വാധീനിക്കാനുള്ള പ്രതിയുടെ വിഫല ശ്രമങ്ങള്‍ക്കിടയിലും പ്രതി അരുണ്‍ തന്‍റെ ഏകപക്ഷീയ പ്രണയവുമായി മുന്നോട്ട് പോയി. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് അറിഞ്ഞ വീട്ടുകാരും സൂര്യഗായത്രിയും പ്രതിയുമായി ഒരുതരത്തിലുമുളള ബന്ധവും ഉണ്ടാക്കില്ലെന്ന് പറഞ്ഞെങ്കിലും അരുണ്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെ കൊല്ലം സ്വദേശിയുമായി സൂര്യഗായത്രിയുടെ വിവാഹം നടന്നപ്പോഴും അരുണ്‍ പ്രതീക്ഷയോടെ കാത്തിരുന്നു.
വിവാഹിതയായി കഴിഞ്ഞിരുന്ന സൂര്യഗായത്രിയുടെ ഭര്‍ത്താവിനെ വിളിച്ച് ഭീഷണിപ്പെടുത്തി പ്രതി പുതിയ തന്ത്രം മെനയുകയായിരുന്നു. അതില്‍ അയാള്‍ വിജയിക്കുകയും ചെയ്‌തു. ഇതേ ചൊല്ലി ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തിയ സൂര്യഗായത്രിയെ ഇനി സ്വന്തമാക്കാന്‍ കഴിയുമെന്ന് പ്രതി മോഹിച്ചു. അത് നടക്കില്ലെന്ന് കണ്ടാണ് തനിക്ക് ലഭിച്ചില്ലെങ്കില്‍ ഇനി ഈ ഭൂമുഖത്ത് അവള്‍ വേണ്ടെന്ന അന്തിമ തീരുമാനത്തില്‍ അരുണ്‍ എത്തിച്ചേര്‍ന്നത്. സൂര്യഗായത്രിയുടെ വീട്ടില്‍ ആരുമില്ലെന്ന് കരുതി പുറകിലെ വാതലിലൂടെ മോഷ്‌ടാവിനെപ്പോലെ അകത്ത് കടന്ന പ്രതി വീട്ടിനകത്തുണ്ടായിരുന്ന കാലുകള്‍ക്ക് ചലന ശേഷിയില്ലാത്ത സൂര്യഗായത്രിയുടെ മാതാവ് വത്സലയെ ആക്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് സൂര്യഗായത്രിയും അച്ഛന്‍ ശിവദാസനും ഓടി വന്നു.
സൂര്യഗായത്രിയെ കണ്ട പ്രതി അവര്‍ക്ക് നേരെ തിരിഞ്ഞ് തുരുതുരെ കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച അച്ഛനെ തൊഴിച്ചെറിഞ്ഞു. 33 കുത്തുകളാണ് സൂര്യഗായത്രിയുടെ ശരീരത്തിലുടനീളം ഉണ്ടായിരുന്നത്. മകളെ രക്ഷിക്കാന്‍ മകളുടെ ശരീരത്തിലേക്ക് മറിഞ്ഞുവീണ വത്സലയെയും പ്രതി കുത്തി. അമ്മയെ കുത്തുന്നത് കണ്ട് 'അമ്മേ' എന്ന് വിളിച്ച സൂര്യഗായത്രിയെ നോക്കി 'നീ ഇനിയും ചത്തില്ലേ' എന്ന് പറഞ്ഞ് പ്രതി, സൂര്യഗായത്രിയുടെ തല പിടിച്ച് തറയില്‍ ഇടിച്ച് തലയോട്ടി പിളര്‍ത്തി. ഇതിനിടെ ശിവദാസന്‍റെ നിലവിളി കേട്ട് ആളുകള്‍ ഓടി കൂടിയതാണ് പ്രതി പിടിയിലാകാന്‍ കാരണമായത്.
നേരത്തെ തയ്യാറാക്കിയ തിരക്കഥ: കയ്യിൽ ഒളിപ്പിച്ച കത്തി, സഞ്ചരിക്കാൻ വ്യാജ നമ്പർ പതിപ്പിച്ച ബൈക്ക്, കൊലപാതകത്തിന് തിരഞ്ഞെടുത്തത് ഉച്ചയുറക്കത്തിനുള്ള സമയം. മൂന്നു വർഷത്തെ കാത്തിരിപ്പിന് ശേഷം അരുൺ, സൂര്യഗായത്രിയെ കൊല്ലാനായി നെടുമങ്ങാട് എത്തിയത് നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചായിരുന്നു. മാത്രമല്ല കൊലപാതകത്തിനും ഒരു വർഷം മുൻപ് സൂര്യയും അമ്മ വത്സലയും ലോട്ടറി വിൽക്കാൻ പോകുന്നതിനിടയിൽ ആര്യനാട് റോഡിൽ വച്ച് അരുൺ ഇവരെ തടഞ്ഞുനിർത്തി സൂര്യയുടെ സ്വർണമാലയും മൊബൈൽ ഫോണും തട്ടിയെടുത്തിരുന്നു. തുടർന്ന് ആര്യനാട് പൊലീസ് ഇടപെട്ടാണ് മടക്കി വാങ്ങിനൽകിയത്. ഇനിയൊരു പ്രശ്‌നം ഉണ്ടാക്കില്ലെന്ന് പറഞ്ഞു സ്‌റ്റേഷനിൽ നിന്നും പോയ അരുണിനെ പിന്നെ കാണുന്നത് സംഭവദിവസം ഉച്ചയ്ക്ക് കൊലക്കത്തിയുമായി വീട്ടിൽ നിൽക്കുമ്പോഴാണെന്ന് സൂര്യയുടെ അമ്മ വത്സല കോടതിയിൽ മൊഴി നൽകിയിരുന്നു. വിസ്‌താര വേളയിലും ആ കാഴ്‌ചയുടെ ദുരന്തം അമ്മയുടെ കണ്ണുകളിൽ നിന്നും വിട്ടുമാറിയിട്ടില്ലായിരുന്നു. കൂടാതെ അരുൺ സഞ്ചരിച്ച വ്യാജ നമ്പർ പതിച്ച ബൈക്കും മൊബൈൽ ഫോണും തൊണ്ടിമുതലുകളായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
നെടുമങ്ങാട് ലോട്ടറി വില്‍ക്കാന്‍ ഇനി സൂര്യയില്ല: നെടുമങ്ങാട് കോടതി സമുച്ചയത്തിന് മുന്‍വശത്തും ബിവറേജസിന് മുന്‍വശത്തുമായി ലോട്ടറി വില്‍ക്കാന്‍ ഇനി സൂര്യയില്ല. കോടതി പ്രവര്‍ത്തന സമയം കോടതിയുടെ മുന്‍വശവും അതിന് ശേഷം സന്ധ്യമയങ്ങുന്നത് വരെ ബിവറേജസിന് മുന്‍വശവും ലോട്ടറി വില്‍പ്പനയക്ക് മാതാപിതാക്കളെ സഹായിക്കാന്‍ മരണം വരെ സൂര്യയുണ്ടായിരുന്നു. അര്‍ധ പട്ടിണിയിലും അഭിമാനിയായിരുന്നു സൂര്യ. പഠനത്തില്‍ മിടുക്കിയായിരുന്നെങ്കിലും വീട്ടിലെ ദാരിദ്ര്യം മനസിലാക്കി പഠനം പ്ലസ് ടൂ കൊണ്ട് അവസാനിപ്പിച്ചു. കാലുകള്‍ക്ക് ചലന ശേഷി നഷ്‌ടപ്പെട്ട അമ്മയെ കൊണ്ടും രോഗിയായ അച്ഛനെ കൊണ്ടും കൂട്ടിമുട്ടിക്കാന്‍ പറ്റുന്നതല്ല തന്‍റെ ജീവിതം എന്ന് മനസിലാക്കി തുടര്‍ന്ന് പഠിക്കണമോയെന്ന മോഹം ഉപേക്ഷിച്ചാണ് സൂര്യഗായത്രി അച്ഛന്‍റെയും അമ്മയുടെയും പാത സ്വീകരിച്ച് ലോട്ടറി കച്ചവടത്തിന് ഇറങ്ങിയത്. അമ്മയക്കും അച്ഛനും താങ്ങും തണലുമായി നടന്ന സൂര്യഗായത്രിയെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനും നല്ലത് മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ സൂര്യഗായത്രിയുടെ മരണം നാട്ടുകാരില്‍ ഉണ്ടാക്കിയ ഞെട്ടലും ചെറുതല്ലായിരുന്നു. നിറപട്ടിണിയിലും വേദന ഉളളിലൊതുക്കി ചിരിക്കുന്ന മുഖവുമായി നിത്യേന കണ്ടിരുന്ന സൂര്യഗായത്രിയുടെ മുഖം ഇന്നും നെടുമങ്ങാട്ടുകാരുടെ മനസിലുണ്ട്.