തിരുവനന്തപുരം: വിഷുവിനോടനുബന്ധിച്ച് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒന്നിച്ച് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍. സാമൂഹ്യ സുരക്ഷ, ക്ഷേമ പെന്‍ഷനുകളാണ് ഒന്നിച്ച് വിതരണം ചെയ്യുക. മാര്‍ച്ചിലെ പെന്‍ഷന്‍ തുകയ്‌ക്കൊപ്പം ഏപ്രിലിലെ തുക കൂടി നല്‍കുകയാണ് ചെയ്യുന്നത്. ഏപ്രില്‍ 14ന് മുമ്പായി വിതരണം പൂര്‍ത്തിയാക്കും. 60 ലക്ഷം പേര്‍ക്ക് 3,200 രൂപയാണ് വിതരണം ചെയ്യുക. ഇതിനായി 1871 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
സാധാരണക്കാര്‍ കൂടുതല്‍ ആഹ്ളാദിക്കട്ടെയെന്ന് മുഖ്യമന്ത്രി: കൊവിഡ് മഹാമാരിയും സാമ്പത്തിക നയങ്ങളും സംസ്ഥാനത്ത് ഉണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്ന് സാധാരണ ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുകയാണ് രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് നല്‍കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാധാരണക്കാരുടെ ക്ഷേമം ഉറപ്പ് വരുത്തണമെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ ഉറച്ച് തീരുമാനമാണ് വിഷുവിനായുള്ള പെന്‍ഷന്‍ വിതരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിഷു വിപണികള്‍ കൂടുതല്‍ സജീവമാകാന്‍ സര്‍ക്കാറിന്‍റെ തീരുമാനം സഹായകമാകും. മാത്രമല്ല സാധാരണക്കാര്‍ക്കും കൂടുതല്‍ സന്തോഷത്തോടെയും ആഹ്ലാദത്തോടെയും വിഷുവിനെ വരവേല്‍ക്കാന്‍ സര്‍ക്കാറിന്‍റെ തീരുമാനം ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പിറണായി വിജയന്‍ പറഞ്ഞു.
സര്‍ക്കാര്‍ നല്‍കുന്നത് വിഷുകൈനീട്ടമെന്ന് ധനമന്ത്രി: കേരളത്തിലെ സാധാരണക്കാര്‍ക്കുള്ള വിഷുക്കൈനീട്ടമാണ് ക്ഷേമ പെന്‍ഷന്‍ കുടിശികയിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ധനമന്ത്രി പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.
വര്‍ഷാന്ത്യത്തില്‍ പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ കടുത്ത സാമ്പത്തിക വിവേചനത്തിന്‍റെ ഭാഗമായി സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും വര്‍ഷാന്ത്യ ചെലവുകള്‍ക്കായി 22000 കോടി രൂപ മാര്‍ച്ച് മാസത്തില്‍ മാത്രം സര്‍ക്കാര്‍ അനുവദിച്ചു. ട്രഷറി അടച്ച് പൂട്ടുമെന്നും സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്നും ശമ്പളവും പെന്‍ഷനും ക്ഷേമ പെന്‍ഷനും ഉള്‍പ്പെടെ തുടങ്ങാന്‍ പോകുന്നുവെന്നും പ്രചരിപ്പിച്ച ആളുകളെ നിരാശപ്പെടുത്തി കൊണ്ടാണ് ജനങ്ങളുടെ പിന്തുണയോടു കൂടി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു.
സംസ്ഥാനത്തെ പലവിധത്തില്‍ ബുദ്ധിമുട്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍ മികച്ച ധന മാനേജ്‌മെന്‍റിലൂടെയും തനത് വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചും സംസ്ഥാനം അതിനെ നേരിടുകയാണ്. വര്‍ഷാന്ത്യ ചെലവുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന് തൊട്ടു പിന്നാലെ കേരളത്തിലെ സാധാരണക്കാരായ 62 ലക്ഷം ജനങ്ങളിലേക്ക് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ചെത്തിച്ച് കൊണ്ട് വികസനവും കരുതലും എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്‌തതെന്നും മന്ത്രി കെഎൻ ബാലഗോപാല്‍ വ്യക്തമാക്കി.