തിരുവനന്തപുരം : യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍, സോഷ്യല്‍ മീഡിയയില്‍ മീശ വിനീതെന്ന് (Social media star Meesha Vineeth Arrested) അറിയപ്പെടുന്ന കിളിമാനൂര്‍ വെള്ളലൂര്‍ കീഴ്‌പേരൂര്‍ കിട്ടുവയലില്‍ വിനീത് അറസ്റ്റില്‍ (Social media star Meesha Vineeth arrest). കഴിഞ്ഞ ശനിയാഴ്‌ച വൈകുന്നേരം 3 മണിയോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം. സാമൂഹ്യ മാധ്യമത്തിലൂടെ സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയില്‍ നിന്ന്, പണയം വയ്ക്കുന്നതിനായി ആറ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഒരുമാസം മുമ്പ് വിനീത് വാങ്ങിയിരുന്നു.
കാലാവധി കഴിഞ്ഞതോടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ തരണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു. സ്വര്‍ണം തിരികെ നല്‍കാമെന്നുപറഞ്ഞ് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ വിനീത് ഇവരെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. ഇതോടെ യുവതി കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി.
പ്രതിക്കെതിരെ 354, 324, 341 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. ഇയാള്‍ നിലവില്‍ ആറ്റിങ്ങല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. നേരത്തെ വിനീതിന്‍റെ പേരില്‍ അടിപിടിയ്ക്കടക്കം പന്ത്രണ്ടോളം കേസുകള്‍ മംഗലപുരം, തമ്പാനൂര്‍, കല്ലമ്പലം സ്റ്റേഷനുകളിലായുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍, പുറത്ത് ക്രിമിനല്‍ : മീശ താലോലിച്ചുകൊണ്ടും പാട്ടുകള്‍ക്കും സിനിമ സംഭാഷണങ്ങള്‍ക്കും ലിപ് സിങ്ക് ചെയ്‌തും സോഷ്യല്‍ മീഡിയയില്‍ താരമായതാണ് വിനീത്. വീഡിയോകള്‍ ഇയാള്‍ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു. ഇതില്‍ ഏറെയും പെണ്‍കുട്ടികളാണെന്നാണ് വിവരം. എന്നാല്‍ സോഷ്യല്‍ മീഡിയ ജീവിതത്തിനപ്പുറം വ്യക്തിജീവിതത്തില്‍ മോഷണവും പിടിച്ചുപറിയും ഭവനഭേദനവുമെല്ലാം നടത്തുകയായിരുന്നു വിനീത്.
നേരത്തെ 2022 ഓഗസ്റ്റില്‍ പെണ്‍കുട്ടിയെ കബളിപ്പിച്ച് ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. കാര്‍ വാങ്ങാന്‍ കൂടെ വരണം എന്നാവശ്യപ്പെട്ടായിരുന്നു കോളജ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ഇയാള്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ എത്തിച്ചത്. പിന്നീട് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ വിനീത് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കണിയാപുരത്തെ ഒരു പെട്രോള്‍ പമ്പ് ജീവനക്കാരനില്‍ നിന്ന് പണം കവര്‍ന്ന കേസില്‍ കഴിഞ്ഞ മാര്‍ച്ച് 23നും ഇയാള്‍ അറസ്റ്റിലായിരുന്നു. രണ്ടര ലക്ഷം രൂപയാണ് ഇയാള്‍ കവര്‍ന്നത്. സംഭവത്തില്‍ തൃശൂരില്‍ നിന്ന് വിനീതിനെ മംഗലപുരം പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ സുഹൃത്തും അന്ന് അറസ്റ്റിലായിരുന്നു. ആഡംബര ജീവിതം നയിക്കാനാണ് വിനീത് മോഷണവും പിടിച്ചുപറിയും ഭവനഭേദനവും നടത്തുന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാള്‍ക്കെതിരെ നിലവിലുള്ള കേസുകളില്‍ കാര്‍, ബൈക്ക് എന്നീ വാഹനങ്ങള്‍ മോഷ്‌ടിച്ചതും ഉള്‍പ്പെടുന്നു.