തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദു രാഷ്ട്രമെന്ന സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്. ഗവര്‍ണറുടെ അത്യന്തം അപകടകരമായ കളികളെ കേരളം ചെറുക്കുമെന്നും യെച്ചൂരി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർ ജനാധിപത്യ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാറിൻ്റെ നിലപാടുകൾക്കെതിരായി തന്നിഷ്‌ട പ്രകാരം പ്രവർത്തിക്കുന്നു. കേരളത്തിൽ മാത്രമല്ല, ബിജെപി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതാണ് നടക്കുന്നത്.
ബിജെപിയുടെ നിർദേശ പ്രകാരം നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ പിടിച്ചു വയ്ക്കുന്നു. ഇത് ജനാധിപത്യ വിരുദ്ധമാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല രാജ്യത്ത് തന്നെ മികച്ച നിലയിലാണുള്ളത്. അത് തകര്‍ക്കുകയാണ് ശ്രമം. അതിനായി ഭരണഘടന സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. രാജ്യത്തെ ആകെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്, ഇതിനായാണ് സർവകലാശാലകളിലേക്കുള്ള കടന്ന് കയറ്റം.
കേന്ദ്ര സർവകലാശാലകളിൽ ഇക്കാര്യമാണ് നടക്കുന്നത്. കേരളത്തിൽ ഇത് നടക്കില്ല. കേരളം മനുഷ്യരായാണ് എല്ലാവരെയും കാണുന്നത്. ജാതിയും മതവും ഇവിടെ പ്രശ്‌നമല്ല. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങൾ വേട്ടയാടപ്പെടുകയാണ്. എന്നാൽ ഈ ഹിന്ദുത്വ അജണ്ട തകർക്കേണ്ടതാണ്. അതിനായുള്ള പോരാട്ടം തുടരണമെന്നും യെച്ചൂരി പറഞ്ഞു.