തിരുവനന്തപുരം: അഭയ കേസില്‍ രണ്ട് പ്രധാന സാക്ഷികള്‍ കൂടി ഇന്ന് കൂറുമാറി. കേസില്‍ നിര്‍ണ്ണാകമായ മൊഴികള്‍ സിബിഐയ്ക്ക് നല്‍കിയ കന്യാസ്ത്രീയായ ഇലിസിറ്റിയും കോണ്‍വെന്‍റ് ജോലിക്കാരിയായ ത്രേസ്യാമ്മയുമാണ് കൂറുമാറിയ സാക്ഷികള്‍. അഭയൊക്കൊപ്പം പയസ് ടെന്‍ത് കോണ്‍വെന്‍റില്‍ താമസിച്ചിരുന്നവരാണ് ഇവർ. കോണ്‍വെന്‍റിന്‍റെ അടുക്കളയില്‍ അസ്വാഭാവികമായി ചിലത് കണ്ടിരുന്നതായി ഇവർ ആദ്യം മൊഴി നൽകിയിരുന്നു.
അതെ സമയം മൃതദേഹം കിണറ്റില്‍ കിടക്കുന്നതോ അവിടെ നിന്ന് മാറ്റുന്നതോ കണ്ടിട്ടില്ലെന്നാണ് ഇന്ന് ഇവർ മൊഴി നല്‍കിയത്. കേസിനെ നിര്‍ണ്ണായകമായി ബാധിക്കുന്നതാണ് ഇന്നത്തെ സാക്ഷികളുടെ കൂറുമാറ്റം. അഭയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും ഇരുവരും മൊഴി നല്‍കി. കൊലപാതകത്തിന് ഒരു സാധ്യതയുമില്ലെന്നും ആത്മഹത്യയാകാനാണ് സാധ്യതയെന്നും സാക്ഷികള്‍ വിചാരണ നടക്കുന്ന തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കി.
2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ തുടങ്ങിയത്. കേസില്‍ ഇതുവരെ പത്ത് സാക്ഷികളാണ് കൂറുമാറിയത്.