തിരുവനന്തപുരം: എന്തു വന്നാലും സില്‍വര്‍ ലൈനില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ചിരുന്ന സര്‍ക്കാരും സിപിഎമ്മും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ കല്ലിടല്‍ നിര്‍ത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചും ശക്തമായി മുന്നോട്ടു പോയിരുന്ന കെ-റെയില്‍ കല്ലിടലാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് വിജ്ഞാപനത്തോടെ സഡന്‍ ബ്രേക്കിട്ടത്. കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്നും തുടരുമെന്നും കെ-റെയില്‍ അധികൃതര്‍ വിശദീകരിക്കുന്നുണ്ട്.
എന്നാൽ അടുത്തത് എവിടെ കല്ലിടുമെന്നോ എന്ന് കല്ലിടുമെന്നോ ഉള്ള ചോദ്യത്തിന് മറുപടിയില്ല. കല്ലിടലും അതിനെ തുടര്‍ന്നുണ്ടാകുന്ന ജനങ്ങളുടെ എതിര്‍പ്പും പൊലീസ് ബലപ്രയോഗവുമൊക്കെ തൃക്കാക്കരയില്‍ തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് കല്ലിടല്‍ നിര്‍ത്തിയതെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് നാലിനാണ് പുറപ്പെടുവിച്ചതെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച മെയ് 2നു ശേഷം സംസ്ഥാനത്ത് ഒരിടത്തും കല്ലിടല്‍ നടത്തിയിട്ടില്ല.
സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന മാറ്റിവയ്ക്കുകയും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പുനരാരംഭിക്കുകയും ചെയ്യുന്ന അതേ ബിജെപി നയമാണ് സില്‍വര്‍ ലൈന്‍ കല്ലിടലിന്‍റെ കാര്യത്തില്‍ സിപിഎമ്മും സ്വീകരിക്കുന്നതെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തു വന്നു.
ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരില്‍ നടന്ന സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായും സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിയിരുന്നു. പാര്‍ട്ടിയുടെ ദേശീയ സമ്മേളനം നടക്കുമ്പോള്‍ പാര്‍ട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനത്ത് ഒരു വശത്ത് ജനകീയ പ്രക്ഷോഭം നടക്കുന്നത് ക്ഷീണമാകുമെന്ന വിലയിരുത്തലിലാണ് അന്ന് കല്ലിടല്‍ നിര്‍ത്തിയത്. നിര്‍ത്തിയിട്ടില്ലെന്നായിരുന്നു അന്നും ഔദ്യോഗിക വിശദീകരണം. അതേ സമയം കല്ലിട്ടാല്‍ പിഴുതെറിയുക തന്നെ ചെയ്യുമെന്ന നിലപാടിലുറച്ചു തന്നെയാണ് യുഡിഎഫ്.