തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് നടത്തിയ വിജ്ഞാപനം പിൻവലിക്കണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ നിരാകരിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. റോജി എം ജോണിന്‍റെ അടിയന്തര പ്രമേയത്തിന് സർക്കാർ അനുമതി നിഷേധിച്ചു. സാമൂഹികാഘാത പഠനത്തിനായി മഞ്ഞക്കുറ്റി സ്ഥാപിച്ച ഭൂമി ക്രയവിക്രയം നടത്താൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് റോജി ആരോപിച്ചു.
ജനങ്ങളെ വെല്ലുവിളിച്ച് തുടർ ഭരണത്തിന്‍റെ ധാർഷ്‌ട്യത്തോടെ സർക്കാർ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. പദ്ധതി നടപ്പാക്കാനാകാത്തത് കേരളത്തിന്‍റെ പരാജയമല്ല വിജയമാണെന്നും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു.
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കുള്ള സംസ്ഥാനമായ കേരളത്തെ ശ്രീലങ്കയാക്കരുതെന്നാണ് പ്രതിപക്ഷം പറഞ്ഞത്. പദ്ധതിക്കായി വിജ്ഞാപനം ചെയ്‌ത 1221 ഹെക്‌ടറിൽ ഒരു ക്രയവിക്രയം നടക്കില്ല. അഡീഷണൽ ചീഫ് സെക്രട്ടറി ബാങ്കുകൾക്ക് കത്തെഴുതിയാൽ ഈ ഭൂമി ഈടായി സ്വീകരിച്ച് ബാങ്കുകൾ ലോൺ നൽകില്ല.
അതിനാൽ ഭൂമി ഏറ്റെടുക്കുന്നതിന് പുറപ്പെടുവിച്ച 21 വിജ്ഞാപനം റദ്ദാക്കണം. മുഖ്യമന്ത്രിക്ക് തന്നെ പദ്ധതി നടപ്പാക്കുമെന്ന് ആത്മവിശ്വാസമില്ലെന്ന് അദ്ദേഹം നിയമസഭയിൽ നൽകിയ മറുപടിയിലെ വരികൾക്കിടയിലൂടെ വായിച്ചാൽ മനസിലാകുമെന്നും സതീശൻ പറഞ്ഞു.