തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടച്ചാക്ഷേപിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. പദ്ധതിക്കെതിരെ രംഗത്തു വരുന്നവരെല്ലാം കോര്‍പറേറ്റുകളില്‍ നിന്ന് പണം കൈപ്പറ്റുന്നവരാണെന്നാണ് കോടിയേരി അടച്ചാക്ഷേപിച്ചത്.
വന്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഏതുവിധേനയും പദ്ധതി നടപ്പാക്കാനാണ് സി.പി.എം ശ്രമെന്നും സുധാകരന്‍ ആരോപിച്ചു. യു.ഡി.എഫും നിരവധി സാമൂഹ്യസാംസ്‌കാരിക സംഘടനകളും പദ്ധതിയെ എതിര്‍ക്കുന്നവരാണ്. ഇടത് സഹയാത്രികരുള്‍പ്പെടെ സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന 40 പേരും പദ്ധതിയെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്. ഇവരെയും കോടിയേരി അടച്ചാക്ഷേപിക്കുകയാണ്.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ലഭിക്കാനിടയുള്ള ശതകോടികളുടെ കമ്മീഷന് മറയിടാനാണ് കോടിയേരി പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ വന്യമായ ആരോപണം ഉന്നയിക്കുന്നത്. ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും പിന്നെ തല്ലിക്കൊല്ലാന്‍ ആളെക്കൂട്ടുകയും ചെയ്യുന്ന സി.പി.എമ്മിന്റെ പതിവുതന്ത്രമാണ് കോടിയേരി പയറ്റുന്നതെന്നു സുധാകരന്‍ വ്യക്തമാക്കി.