തിരുവനന്തപുരം: വിവാദമായ സില്‍വര്‍ ലൈന്‍ സെമി ഫൈസ്‌പീഡ് റെയിലിന്‍റെ ഡി.പി.ആര്‍ (വിശദമായ മാര്‍ഗ രേഖ) പുറത്തു വിടണമെന്ന് സി.പി.ഐ. പദ്ധതിയെ സി.പി.ഐ പരസ്യമായി തള്ളിയിട്ടില്ലെങ്കിലും ആശങ്കകള്‍ ദൂരീകരിക്കണം എന്ന അഭിപ്രായം അടുത്തിടെ നടന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും എക്‌സിക്യൂട്ടീവിലും ഉയര്‍ന്നിരുന്നു.
ഇതുകൂടി കണക്കിലെടുത്ത് സി.പി.ഐയുടെ അഭിപ്രായം സി.പി.എമ്മിനെ അറിയിക്കാനാണ് പാര്‍ട്ടി തീരുമാനം. പദ്ധതിയുടെ ഡി.പി.ആര്‍ പുറത്തു വിടുന്നതിനു മുന്‍പ് സ്ഥലം അളക്കലും കല്ലിടലും നടത്തി വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നതിനോടും പാര്‍ട്ടിക്ക് എതിര്‍പ്പുണ്ട്. ഈ കാര്യങ്ങളിലെല്ലാം ജനങ്ങളുടെ ആശങ്ക അകറ്റിയ ശേഷമേ പദ്ധതിയുമായി മുന്നോട്ടു പോകാവൂ എന്നാണ് പാര്‍ട്ടി നിലപാട്.
എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‍റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുകയും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്ത പദ്ധതി കണ്ണുമടച്ച് എതിര്‍ക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പാര്‍ട്ടി. ഭൂമി വിട്ടു കൊടുക്കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരമാണ് നല്‍കുക എന്നതിനാല്‍ പദ്ധതിയെ ജനങ്ങള്‍ കണ്ണുമടച്ച് എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്ന് കാനം പരസ്യമായി പ്രതികരിച്ചിരുന്നു.