തിരുവനന്തപുരം: ഇടതുപക്ഷ സഹയാത്രികനായിരുന്ന നടൻ തിലകനെ സർക്കാർ ഉൾപ്പെടെ അവഗണിക്കുകയായിരുന്നുവെന്ന് മകൻ ഷോബി തിലകൻ. പത്ത് സംസ്ഥാന അവാർഡുകളും മൂന്ന് ദേശീയ അവാർഡുകളും കരസ്ഥമാക്കിയ തിലകന് സ്‌മാരകം പോലും പണിയാൻ അധികൃതർ തയാറാകാത്തതിൽ ദുഃഖമുണ്ടെന്നും ഷോബി പറഞ്ഞു.
ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്തേകിയ നാടകങ്ങൾക്കും, കഥാപാത്രങ്ങൾക്കും ജീവൻ നൽകിയ അതുല്യ കലാകാരനെ സർക്കാർ ഉൾപ്പെടെ അവഗണിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളയാണിയിൽ കിരീടം സിനിമയുടെ 34-ാം വാർഷിക ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു ഷോബി.
ജാലകം എന്ന സാംസ്‌കാരിക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. മുൻ എം.പി രവീന്ദ്രൻ, കോവളം എം.എൽ.എ എം വിൻസെന്‍റ് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.