തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങളും റാങ്ക് ലിസ്റ്റ് അട്ടിമറിയും ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കൂടിക്കാഴ്‌ചയ്ക്ക് ഗവർണർ സമയം അനുവദിച്ചിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം സമരം ചെയ്യുന്ന ഉദ്യോഗാർഥികളുടെ പ്രതിനിധികളെ കൂട്ടിയാകും ഗവർണറെ നേരിൽ കണ്ട് പരാതി നൽകുകയെന്നും ശോഭ സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്ഥാന സർക്കാർ എല്ലാ ഭരണഘടന ചട്ടങ്ങളെയും അട്ടിമറിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിവന്നിരുന്ന 48 മണിക്കൂർ നിരാഹാര സമരം ശോഭാസുരേന്ദ്രൻ അവസാനിപ്പിച്ചു. ഉദ്യോഗാർഥി പ്രതിനിധികൾ നൽകിയ നാരങ്ങ നീര് കുടിച്ചാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.