തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരുടെ സമഗ്രമായ യോഗം ഞായറാഴ്‌ച വൈകിട്ട് മൂന്നരയ്ക്ക് നടക്കും. ഓൺലൈൻ വഴിയാണ് യോഗം നടക്കുക. ഗൂഗിള്‍ മീറ്റ് വഴി ചേരുന്ന യോഗത്തില്‍ എസ്എച്ച്ഒ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെ പങ്കെടുക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
മാവുങ്കല്‍, ഹണിട്രാപ്പ് വിവാദങ്ങളടക്കം പൊലീസിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. സംസ്ഥാന പൊലീസില്‍ അടുത്തിടെ ഉയര്‍ന്ന ഹണിട്രാപ്പ് അടക്കമുള്ള വിവാദ വിഷയങ്ങളിലെ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സേനയ്ക്ക് നാണക്കേടുണ്ടാക്കിയിരുന്നു. കൊച്ചിയിലെ പുരാവസ്‌തു തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌ത മോന്‍സണ്‍ മാവുങ്കലുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം നേരിട്ട് ബന്ധമുള്ളതായുള്ള വിവരങ്ങള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം.
മോന്‍സണ്‍ മാവുങ്കലും മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും തമ്മിലുള്ള ബന്ധത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതിന് പിന്നാലെ കൊച്ചി മെട്രോ എം.ഡി കൂടിയായ ബെഹ്‌റ അവധിയില്‍ പ്രവേശിച്ചതും വന്‍ വിവാദമായി.
ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും മോൻസന്‍റെ വീടുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ബെഹ്‌റ നിര്‍ദേശിച്ചതടക്കം വിവാദങ്ങളായി കത്തിപടരുകയാണ്. സര്‍വീസില്‍ നിന്ന് വിരമിച്ച മുന്‍ ഡിഐജി സുരേന്ദ്രന്‍, ഐജി ലക്ഷ്‌മൺ എന്നിവരുടെ വഴിവിട്ട ഇടപെടലും യോഗത്തില്‍ ചര്‍ച്ചയാകാനാണ് സാധ്യത.