തിരുവനന്തപുരം : വിഴിഞ്ഞത്ത് രണ്ടാം കപ്പലായ ഷെന്‍ ഹുവ 29 (Shen Hua 29) ഇന്ന് വിഴിഞ്ഞത്തെത്തും. ഇന്നലെ തന്നെ കപ്പല്‍ പുറംകടലില്‍ എത്തിയിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥയായതിനാല്‍ തീരത്തേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞില്ല. കൂറ്റന്‍ ഷിഫ്റ്റ് ഷോര്‍ ക്രെയിനുമായാണ് കപ്പല്‍ തീരത്ത് എത്തുന്നത് (Second Ship In Vizhinjam International Port). വിഴിഞ്ഞത്ത് ക്രെയിന്‍ ഇറക്കിയ ശേഷം കപ്പല്‍ ഗുജറാത്തിലെ മുന്ദ്ര തുറുമുഖത്തേക്ക് പോകും.
ടഗുകളുടെ സഹായത്തോടെ രാവിലെ 10 മണിക്ക് ശേഷം കപ്പല്‍ തീരമണയും. എട്ട് ഷിഫ്റ്റ് ഷോറും 24 യാര്‍ഡ് ക്രെയിനുകളുമാണ് വിഴിഞ്ഞം തുറമുഖത്ത് ആവശ്യമുള്ളത്. ഇത് വഹിക്കുന്ന കപ്പലുകളില്‍ ഒരെണ്ണം നവംബര്‍ 25 നും മറ്റൊന്ന് ഡിസംബര്‍ 15 നും തീരത്ത് എത്തും. ഷിപ്പ് ടു ഷോര്‍ ക്രെയിനുമായി എത്തുന്ന രണ്ടാമത്തെ കപ്പലില്‍ തുറമുഖത്തിന് ആവശ്യമായ 6 യാര്‍ഡ് ക്രെയിനുകളാകും ഉണ്ടാവുക.
മന്ദ്ര തുറമുഖത്തേക്കുള്ള ക്രെയിനുകളും കപ്പലിലുള്ളതായാണ് സൂചന. ക്രെയിനുകള്‍ ഇറക്കിയ ശേഷം കാലാവസ്ഥ അനുകൂലമായാല്‍ കപ്പല്‍ രണ്ട് ദിവസത്തിനുള്ളില്‍ മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഇസഡ്‌പിഎംസി (ZPMC) എന്ന ചൈനീസ് കമ്പനിയില്‍ നിന്നുമാണ് അദാനി പോര്‍ട്‌സ് വിഴിഞ്ഞം തുറമുഖത്തേക്ക് ആവശ്യമായ ക്രെയിനുകള്‍ വാങ്ങുന്നത്.
വ്യാവസായിക അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം മേയില്‍ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുമെന്നായിരുന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കിയത്. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് പദ്ധതി തയാറാവുകയാണെന്ന് വിഴിഞ്ഞം സീ പോര്‍ട്ട് ലിമിറ്റഡിന്‍റെ എം ഡി ദിവ്യ എസ് അയ്യര്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
ഒക്ടോബർ 24 നാണ് കപ്പൽ ചൈനയിലെ ഷാങ്ഹായിൽ നിന്ന് യാത്ര ആരംഭിച്ചത്. ആദ്യ ചരക്കുകപ്പൽ സെപ്‌റ്റംബർ 1 ന് പുറപ്പെട്ട് ഒക്‌ടോബർ 15 ന് തീരമണഞ്ഞിരുന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളിന്‍റെ നേതൃത്വത്തില്‍ ഷെന്‍ഹുവ 15 കപ്പലിന് വലിയ സ്വീകരണമാണ് വിഴിഞ്ഞത്ത് നൽകിയിരുന്നത്. ഒരു ഷോർ ക്രെയിനും രണ്ട് യാർഡ് ക്രെയിനുകളുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം ഒക്ടോബർ 26 നാണ് കപ്പല്‍ തീരം വിട്ടത്. അതിന് പിന്നാലെയാണ് അതേ കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ ഷെൻ ഹുവ 29 പുറപ്പെട്ടത്
തുടർന്നുള്ള കപ്പലുകൾ 25നും, ഡിസംബര്‍ 15നുമായി തീരത്ത് എത്തും. ഇതിലൂടെ തുറമുഖത്തേക്ക് ആവശ്യമുള്ള 24 യാര്‍ഡ് ക്രെയിനുകളും എട്ട് കൂറ്റന്‍ ക്രെയിനുകളുമാണ് തീരത്ത് എത്തിച്ചേരുകയെന്നാണ് അധികൃതർ നൽകുന്ന വിവരം. ഏഴ് കപ്പലുകൾ കൂടി ഉദ്ഘാടനത്തിന് മുമ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് എത്തും.