തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ദീർഘദൂര യാത്രക്കാർ ധാരാളമായി വന്നിറങ്ങുന്ന പാളയം എൽഎംഎസ് ജംഗ്ഷനിൽ പ്രാഥമികാവശ്യങ്ങൾക്ക് സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമാണ്.
വടക്കൻ ജില്ലകളിൽ നിന്നുള്ള യാത്രക്കാർ എട്ടും ഒൻപതും മണിക്കൂറുകൾ ഒരേയിരിപ്പ് ഇരുന്ന ശേഷം ഇവിടെ ബസിറങ്ങിയാൽ ഷീ ടോയ്‌ലറ്റിലെത്താൻ ഓട്ടോ പിടിക്കേണ്ടി വരും. തിരുവനന്തപുരത്തേക്ക് ദേശീയപാത 66 ൽ ആലപ്പുഴ- കൊല്ലം വഴി വരുന്ന ബസുകളും എംസി റോഡിൽ കോട്ടയം - കൊട്ടാരക്കര വഴി വരുന്ന ബസുകളും തമ്പാനൂരിലേക്ക് തിരിയും മുൻപ് ഏറ്റവും കൂടുതൽ യാത്രക്കാരെ ഇറക്കുക പാളയം എൽഎംഎസ് ജംഗ്ഷനിലാണ്. ഇവിടെനിന്ന് ഇന്ന് 200 മീറ്റർ നടന്ന് കോർപ്പറേഷൻ ഓഫീസ് കോമ്പൗണ്ടിൽ എത്തിയാൽ അവിടത്തെ ടോയ്ലറ്റ് ഉപയോഗിക്കാം. ഷീ ടോയ്‌ലറ്റിൽ പോകണമെങ്കിൽ അര കിലോമീറ്റർ അകലെയുള്ള മ്യൂസിയം ജംഗ്ഷൻ വരെ നടന്നോ ഓട്ടോയിലോ പോകേണ്ടിവരും. ബസ്സിറങ്ങി വരുന്ന സ്ത്രീകൾക്ക് വഴി പറഞ്ഞു കൊടുക്കുന്നത് വഴിയോര കച്ചവടക്കാരാണ്. സുരക്ഷിതത്വത്തോടെ ഉപയോഗിക്കാൻ ബസ് സ്റ്റോപ്പുകളിൽ തന്നെ ടോയ്ലറ്റ് ഉണ്ടാവുകയാണ് വേണ്ടത്. നഗരത്തിൽ ഷീ ടോയ്‌ലറ്റ് എന്ന ആവശ്യം ഏറ്റവും കൂടുതൽ ഉയർന്ന സ്ഥലങ്ങളിലൊന്നാണ് പാളയം എൽഎംഎസ് ജംഗ്ഷന്‍.