തിരുവനന്തപുരം: വൈക്കം സത്യഗ്രഹ ശതാബ്‌ദി പരിപാടിയിൽ മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തതില്‍ പ്രതികരിച്ച് ശശി തരൂർ എംപി. മുരളീധരന്‍റെ കാര്യത്തിൽ പാർട്ടി കൈക്കൊണ്ടത് തെറ്റായ തീരുമാനമാണ്. അദ്ദേഹത്തിന് പ്രസംഗിക്കാൻ അവസരം നൽകണമായിരുന്നുവെന്നും തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മുൻ കെപിസിസി അധ്യക്ഷന്മാരെ ഒരേപോലെ കാണണമായിരുന്നു. മുൻ കെപിസിസി അധ്യക്ഷൻമാരായ എംഎം ഹസനും രമേശ് ചെന്നിത്തലയ്ക്കും പ്രസംഗിക്കാൻ അവസരം നൽകി. പാർട്ടിയെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവണമെങ്കിൽ ഇങ്ങനെ ചെയ്യരുത്. മുരളീധരന് പ്രസംഗിക്കാൻ അവസരം കൊടുക്കാത്തത് ബോധപൂർവമായ ശ്രമമാണോ എന്ന് അറിയില്ല.
സീനിയറായ ആളെ അപമാനിക്കുന്നത് ശരിയല്ല. മുരളീധരനെ ഒതുക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടോ എന്ന് നിങ്ങൾ അന്വേഷിക്കണമെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്‌ദി പരിപാടിയിൽ തനിക്ക് പ്രസംഗിക്കാൻ അവസരം കിട്ടാത്തതിൽ പരാതിയില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
'ഒരാൾ ഒഴിവായാൽ അത്രയും നന്നായി': പരിപാടിയിൽ പ്രസംഗിക്കാൻ അനുവദിക്കാത്തതിൽ കടുത്ത അതൃപ്‌തിയിലാണ് കെ മുരളീധരൻ. പരിപാടിയിൽ തന്നെ മനപ്പൂർവം അവഗണിച്ചതാണെന്ന് മുരളീധരൻ ആരോപിച്ചു. ഒരാൾ ഒഴിവായാൽ അത്രയും നന്നായി എന്നാണ് നേതൃത്വത്തിന്‍റെ ഭാവം. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത്. പാർട്ടി പത്രത്തിലെ സപ്ലിമെന്‍റിലും തന്‍റെ പേരില്ല. ഇത് ബോധപൂർവം മാറ്റിയതാണെന്നും മുരളീധരൻ ആരോപിച്ചു.
ALSO READ| 'സാമുദായിക അസമത്വങ്ങൾക്കെതിരെ പടവെട്ടിയ ചരിത്രമാണ് കോൺഗ്രസിന്‍റേത്': മല്ലികാർജുൻ ഖാർഗെ
പാർട്ടിക്ക് തന്‍റെ സേവനം ആവശ്യമില്ല എന്ന് തോന്നിയാൽ അറിയിച്ചാൽ മതി. താൻ ഒന്നിലേക്കും ഇല്ലെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലായിരുന്നു മുരളീധരൻ അതൃപ്‌തി അറിയിച്ചത്. വിളിച്ചുവരുത്തി അപമാനിച്ചു എന്നാണ് അദ്ദേഹത്തിന്‍റെ പരാതി. വേദിയിൽ കെ മുരളീധരനും ശശി തരൂരിനും പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.
ഒരു വര്‍ഷം നീളുന്ന ആഘോഷം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ കെപിസിസി പ്രസിഡന്‍റുമാരായ രമേശ് ചെന്നിത്തലയും എംഎം ഹസനും മാത്രമായിരുന്നു വേദിയില്‍ പ്രസംഗിച്ചത്. വൈക്കം സത്യഗ്രഹത്തിന്‍റെ ഒരു വര്‍ഷം നീളുന്ന ശതാബ്‌ദി ആഘോഷ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് അന്തിമരൂപം നല്‍കിയിട്ടുണ്ട്. കോട്ടയം വൈക്കത്ത് മാര്‍ച്ച് 30നാണ് ശതാബ്‌ദി ആഘോഷ പരിപാടി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാര്‍ഗെ ഉദ്ഘാടനം ചെയ്‌തത്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രചാരണ ജാഥകള്‍ മാര്‍ച്ച് 28, 29 തിയതികളില്‍ നടന്നു. അഞ്ച് ജാഥകളാണ് നടത്തിയത്.
വൈക്കം സത്യഗ്രഹം ഇന്ത്യയില്‍ ആകമാനം സാമൂഹ്യമാറ്റത്തിന് വഴി തെളിച്ചെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്‌ഘാട പ്രസംഗത്തില്‍ പറഞ്ഞു. സാമുദായിക അസമത്വങ്ങൾക്കെതിരെ പടവെട്ടിയ ചരിത്രമാണ് കോൺഗ്രസിന്‍റേത്. മാഹാത്മാ ഗാന്ധി, ശ്രീനാരായണ ഗുരു, ടികെ മാധവൻ എന്നീ നവോഥാന നായകന്മാരെയും അദ്ദേഹം അനുസ്‌മരിച്ചു.