തിരുവനന്തപുരം : പീഡനശ്രമം എതിർത്തതിലുള്ള വിരോധം കാരണം കടയ്ക്കാവൂർ കുടവൂർക്കോണം കോടിയ്ക്കകത്ത് വീട്ടിൽ ശാരദയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിലെ വിചാരണ പൂർത്തിയായി. അന്തിമ വാദം വ്യാഴാഴ്‌ച ആരംഭിക്കും.
കടയ്ക്കാവൂർ കീഴാറ്റിങ്ങൽ അപ്പൂപ്പൻനട ക്ഷേത്രത്തിന് സമീപം ചുരുവിള പുത്തൻവീട്ടിൽ മണികണ്‌ഠനാണ് (35) കേസിലെ പ്രതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ പരിഗണിക്കുന്നത്.
പീഡനശ്രമം എതിർത്തതിനെ തുടർന്ന് കൊലപാതകം
2016 ഡിസംബർ ഒമ്പതിനാണ് സംഭവം. ശാരദ ഭർത്താവിൻ്റെ മരണത്തെ തുടർന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. പ്രതിയായ മണികണ്‌ഠൻ ശാരദയുടെ അയൽവാസിയായിരുന്നു. സംഭവ ദിവസം രാത്രി ഒമ്പത് മണിക്ക് പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടിൽ പ്രവേശിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.
Also Read: മലപ്പുറത്ത് ഭാര്യയേയും കുട്ടികളെയും വീട്ടിൽ നിന്ന് അടിച്ചിറക്കി; ഭർത്താവ് പിടിയിൽ
ഇത് എതിർത്ത ശാരദ നിലവിളിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്‌തപ്പോൾ പ്രതിയുടെ കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് ശാരദയുടെ നെഞ്ചിലും വയറിലും കുത്തി കൊലപ്പെടുത്തുകയായിരുന്നു.
മറ്റൊരു കൊലപാതകക്കേസിലും കൂട്ടുപ്രതി
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മൂന്നാം ദിവസമാണ് പൊലീസ് പിടികൂടുന്നത്. കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പ് മനുവെന്ന യുവാവിനെ കുത്തിക്കൊന്ന കേസിലും മണികണ്‌ഠൻ കൂട്ടുപ്രതിയാണ്. ഹൈക്കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ദൃക്‌സാക്ഷികൾ ഇല്ലാത്ത ശാരദ കൊലക്കേസിൽ സാഹചര്യ തെളിവുകളും ശാസ്‌ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷൻ കോടതയിൽ ഹാജരാക്കിയത്. 32 സാക്ഷികൾ, 49 രേഖകൾ, 21 തൊണ്ടി മുതലുകള്‍ എന്നിവ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.