തിരുവനന്തപുരം : ശംഖുമുഖം-വിമാനത്താവളം റോഡ് നാളെ മുതൽ ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് നാശമായ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നാളെ മുതൽ ശംഖുമുഖം-വിമാനത്താവളം റോഡിൽ ബസ് സർവീസ് പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജുവും അറിയിച്ചു.
റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്ത ശേഷം ഓടയുടെ നിർമാണവും റോഡിന് ഇരുവശത്തെ നടപ്പാതയുടെ നിർമാണവും അനുബന്ധമായി നടക്കും. ട്രിവാൻഡ്രം റോഡ് ഡെവലപ്മെന്‍റ് കമ്പനി ലിമിറ്റഡിൻ്റെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ ഡയഫ്രം വാളിൻ്റെ നിർമാണവും പൂർത്തിയായി. കോൺക്രീറ്റ് ഭിത്തി മണ്ണിലേക്ക് വലിച്ചുനിർത്തുന്ന ആങ്കറിങ് മാത്രമാണ് ഇനി അവശേഷിക്കുന്നത്.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ഉടൻ തന്നെ സംഭവത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് അടിയന്തരമായി വിഷയത്തിൽ ഇടപെട്ടു. നിരവധി തവണ യോഗങ്ങൾ ചേർന്ന് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ഇതിന്‍റെ ഫലമായാണ് സമയബന്ധിതമായി നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനായതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.