തിരുവനന്തപുരം: കോടികൾ ചെലവഴിച്ച് നവീകരിച്ച ശംഖുമുഖം എയർപോർട്ട് റോഡിൽ വീണ്ടും കുഴി രൂപപ്പെട്ടു. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ നവീകരിച്ച റോഡ് കഴിഞ്ഞ മാർച്ച് 15നാണ് മന്ത്രിമാരും ജനപ്രതിനിധികളും നേരിട്ടെത്തി റോഡ് ഗതാഗതത്തിനായി തുറന്നത്.
വെറും രണ്ട് മാസം പിന്നിടുമ്പോഴാണ് റോഡിൻ്റെ മധ്യഭാഗത്തായി കുഴി കണ്ടെത്തിയത്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അടിയന്തരമായി കുഴി രൂപപ്പെട്ട ഭാഗം അടച്ച് റീടാർ ചെയ്‌തു. റോഡിൻ്റെ ഒരു ഭാഗത്ത് ചെറിയ ചെരിവും രൂപപ്പെട്ടിട്ടുണ്ട്. ഡയഫ്രം വാളും റോഡ് നവീകരണവുമുൾപ്പടെ പന്ത്രണ്ട് കോടിയാണ് പദ്ധതിക്കായി ചെലവഴിച്ചത്.
ഒന്നാം ലെയർ ടാറിങ് പൂർത്തിയാക്കിയിട്ടുണ്ട്. ആങ്കറിങ്, ഡ്രെയിനേജ്, മീഡിയനുകൾ, തെരുവ് വിളക്കുകൾ തുടങ്ങിയ ജോലികൾ പൂർത്തിയാക്കിയാൽ മാത്രമേ രണ്ടാം ലെയർ ടാറിങ് ആരംഭിക്കൂ. ഇപ്പോള്‍ റോഡിനിരുവശത്തുമുള്ള ഓടകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. എന്നാൽ മോശം കാലാവസ്ഥ കാരണം നിർമാണ പ്രവർത്തനം അനിശ്ചിതത്വത്തിലാണ്.
ശംഖുമുഖം ബീച്ചിൽ 2018, 19, 20 വർഷങ്ങളിലുണ്ടായ വേലിയേറ്റമാണ് മനോഹരമായ ബീച്ചിനെ അടിമുടി തകർത്തത്. 2020ൽ ആരംഭിച്ച നവീകരണം കഴിഞ്ഞ വർഷം ഡിസംബറിലാണ് പുനഃരാരംഭിച്ചത്. എന്നാൽ ഇപ്പോള്‍ കനത്ത മഴയിൽ കടൽക്ഷോഭം രൂക്ഷമായാൽ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങൾ.