തിരുവനന്തപുരം: സരിത.എസ്.നായർ ഉൾപ്പെട്ട ജോലി വാഗ്‌ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ രണ്ടാം പ്രതി ഷൈജുവിന്‍റെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തള്ളി. പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ ഗൗരവമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മാത്രമല്ല സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്‌ദാനം നൽകി തട്ടിപ്പ് നടത്തുന്നത് സർക്കാരിനെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതികൾ മറ്റ് സ്ഥാപനങ്ങളിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ.എൻ.അജിത് കുമാറിന്‍റേതാണ് ഉത്തരവ്.
ടി. രതീഷ്, പൊതുപ്രവർത്തകൻ ഷാജു, സരിത.എസ്.നായർ എന്നിവരാണ് കേസിലെ പ്രതികൾ. വ്യാജ ഉത്തരവ്, ബാങ്ക് വഴി പണം നൽകിയ രേഖ എന്നിവയും അന്വേഷണ സംഘം ഹാജരാക്കിയിരുന്നു. കെ.എസ്.ബി.സി, കെ.ടി.ഡി.സിയിലും ജോലി വാഗ്‌ദാനം നൽകി ലക്ഷങ്ങൾ നൽകി എന്നാണ് നെയ്യാറ്റിൻകര പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസ്.