തിരുവനന്തപുരം : തിരുവല്ലം പാച്ചല്ലൂർ വണ്ടിത്തടത്ത് ഷഹ്നയുടെ (23) ആത്മഹത്യയിൽ പൊലീസ് ഇന്ന് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻ വീട് ഷഹ്ന മൻസിലിൽ ഷാജഹാന്‍റെയും സുൽഫത്തിന്‍റെയും മകൾ ഷഹ്ന ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ആത്മഹത്യ ചെയ്തത്.
സംഭവത്തിൽ തിരുവല്ലം പൊലീസ് സിആർപിസി 174 വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഭർതൃവീട്ടിൽ നിന്ന് പിണങ്ങി സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന ഷഹ്ന, ഒന്നര വയസുള്ള തന്‍റെ കുഞ്ഞിനെ ഭർത്താവ് ബലമായി എടുത്തുകൊണ്ട് പോയതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. മൂന്ന് വർഷം മുൻപാണ് കാട്ടാക്കട സ്വദേശി നൗഫൽ ഷഹ്നയെ വിവാഹം ചെയ്തത്. എന്നാൽ ഭർതൃവീട്ടിലെ പ്രശ്നങ്ങൾ കാരണം ഷഹ്ന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം.
ഇന്നലെ നൗഫൽ തന്‍റെ വീട്ടിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനായി ഷഹ്നയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയിരുന്നു. എന്നാൽ ഷഹ്ന കൂടെപ്പോകാൻ തയാറായില്ല. തുടർന്ന് നൗഫൽ ഒന്നര വയസ് പ്രായമുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് ഷഹ്ന മുറിയിൽ കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
Also Read: ആറ്റിലേക്ക് ചാടി യുവതിയുടെ ആത്മഹത്യ; ഭര്‍തൃ പിതാവിനെതിരെ ബന്ധുക്കള്‍
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ഇന്ന് പൊലീസ് ഷഹ്നയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. ഇവർക്ക് പരാതി ഉണ്ടെങ്കിൽ അതിന്‍റെ അടിസ്ഥാനത്തിലുള്ള വകുപ്പുകൾ ചുമത്തി പൊലീസ് അന്വേഷണം നടത്തും. ഭർതൃവീട്ടിലെ പീഡനങ്ങളെ തുടർന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.