തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകൻ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ നടപടി കടുപ്പിക്കാനൊരുങ്ങി കേരള സർവകലാശാല. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കിയേക്കും. സംഭവവുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പാളിനും വിദ്യാർഥികൾക്കെതിരെയുമാണ് നടപടിക്ക് സാധ്യത.
തെരഞ്ഞെടുപ്പ് സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കാനും റിട്ടേണിങ് ഓഫിസറായ അധ്യാപകൻ രജിസ്ട്രാർക്ക് മുൻപിൽ ഹാജരാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി കോളജില്‍ നിന്നും ജയിച്ച മൂന്നാം വര്‍ഷം ബികോം വിദ്യാര്‍ഥിനിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകയുമായ അനഘയുടെ പേര് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഒന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥിയും എസ്എഫ്‌ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയുമായ വിശാഖിന്‍റെ പേര് കൃത്രിമമായി ചേര്‍ത്തുവെന്നാണ് ഉയർന്ന ആക്ഷേപം. കഴിഞ്ഞ ഡിസംബറിലായിരുന്നു കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അനഘയും രണ്ടാം വര്‍ഷ ബിഎസ്‌സി ഫിസിക്‌സ് വിദ്യാര്‍ഥി ആരോമലും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരായി (യുയുസി) ജയിച്ചത്.
എന്നാല്‍ കൗണ്‍സിലര്‍മാരുടെ പേരുകള്‍ കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് നല്‍കിയപ്പോള്‍ അനഘയ്ക്ക് പകരം വിശാഖിന്‍റെ പേര് ചേർത്തുവെന്നാണ് കെഎസ്‌യുവിന്‍റെ ആരോപണം. വിശാഖിനെ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ പദവിയില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് കെഎസ്‌യു ഉന്നയിക്കുന്ന ആരോപണം. എന്നാൽ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തുടരാൻ അനഘയ്ക്ക് താത്പര്യമില്ലാത്തതിനാലാണ് വിശാഖിന്‍റെ പേര് നൽകിയതെന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം.
എന്നാൽ ഇതുവരെയും അനഘ രേഖാമൂലം രാജി സമർപ്പിച്ചിട്ടുമില്ല. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധമാണ് എസ്എഫ്ഐക്കെതിരെ കെഎസ്‌യു പ്രവർത്തകർ ഉയർത്തുന്നത്. വിവാദത്തിന് പിന്നാലെ കാട്ടാക്കട ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിശാഖിനെ എസ്എഫ്ഐ പുറത്താക്കി. വിവാദത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും എസ്എഫ്ഐ അറിയിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റാണ് നടപടി സ്വീകരിച്ചത്.