തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസ് എസ്‌എഫ്‌ഐ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കോൺഗ്രസ് പ്രതിഷേധം. പലയിടത്തും പ്രതിഷേധം സംഘർഷങ്ങൾക്ക് വഴിമാറി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എകെജി സെന്‍ററിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
ആലപ്പുഴ ജില്ലയിലെ കോൺഗ്രസ് ശക്തി കേന്ദ്രങ്ങളായ ചേർത്തല, ചാരുംമൂട്, ഹരിപ്പാട് എന്നിവിടങ്ങളിലും ആലപ്പുഴ നഗരത്തിലും പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ആലപ്പുഴ നഗരത്തിൽ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംയുക്തമായി പന്തംകൊളുത്തി പ്രകടനം നടത്തി.
കൊല്ലത്ത് വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ചിന്നക്കടയിൽ ദേശീയപാത ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരേ ബൈക്കിലെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ അക്രമം നടത്തി. കൂടുതൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ എത്തി യൂത്ത് കോൺഗ്രസ് സമരത്തെ നേരിടാൻ ശ്രമിച്ചതോടെ ഏറെ നേരം സംഘർഷാവസ്ഥയുണ്ടായി. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തു.
കോട്ടയത്ത് ഗാന്ധി സ്‌ക്വയറിൽ നിന്നും സിപിഎം ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രകടനം ടൗൺ പരിസരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയത്. മാർച്ചിൽ സിപിഎമ്മിന്‍റെ ഫ്ലക്‌സ് ബോർഡുകൾ കോൺഗ്രസ് പ്രവർത്തകർ തകർത്തു. തുടർന്നുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ല അധ്യക്ഷനും ഡിസിസി സെക്രട്ടറിക്കും തലയ്‌ക്ക് പരിക്കേറ്റിരുന്നു. ഇതിൽ 25 ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു.
തൃശൂരിൽ വിൽവട്ടം ലോക്കൽ കമ്മിറ്റി പരിധിയിൽ ചേറൂർ വിമല കോളജിന് മുൻവശം സ്ഥാപിച്ചിരുന്ന സിപിഎമ്മിന്‍റെ കൊടിക്കാലുകളും ബോർഡുകളും പ്രതിഷേധക്കാർ തകർത്തു. പാർട്ടി കൊടിക്ക് മുകളിൽ കരിങ്കൊടി കെട്ടി. കുറ്റുമുക്ക് മനവഴി ബ്രാഞ്ചിലെ കൊടിക്കാലും തകർത്തിട്ടുണ്ട്. കോൺഗ്രസ് ആണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു.
കോഴിക്കോട് സിറ്റി കമ്മിഷണർ ഓഫിസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. താമരശ്ശേരിയിൽ റോഡ് ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
എസ്‌എഫ്‌ഐ അക്രമത്തിനെതിരെ ഇന്ന് കാസർകോട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് പ്രദീപിന് പരിക്കേറ്റു. ഒരു മണിക്കൂറോളം പ്രവർത്തകർ കാഞ്ഞങ്ങാട് ദേശീയപാത ഉപരോധിച്ചു. തുടർന്ന് ടയർ കത്തിച്ചും പ്രതിഷേധമുണ്ടായി. ഇതോടെ ഗതാഗതം പൂർണമായും സ്‌തംഭിച്ചു.