തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷമാബത്ത കുടിശിക വിതരണം ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സേവന നിരക്കുകൾ സർക്കാർ കുത്തനെ ഉയർത്തി. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ സേവനങ്ങൾക്ക് ജൂൺ - ജൂലൈ മാസം മുതൽ അഞ്ച് ശതമാനം നിരക്ക് വർധിപ്പിക്കാനാണ് തീരുമാനം. ഇതിലൂടെ 200 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിരക്ക് വർധന സംബന്ധിച്ച റിപ്പോർട്ട് ഉടൻ നൽകാൻ വകുപ്പ് മേധാവികൾക്ക് ധനമന്ത്രി തോമസ് ഐസക്ക് അടിയന്തിര നിർദ്ദേശം നൽകിയിട്ടുണ്ട്. പല വകുപ്പുകളും ഈടാക്കുന്ന നിരക്കുകൾക്ക് വർഷങ്ങളുടെ പഴക്കം ഉണ്ടെന്നും സർക്കാരിന് അഭിപ്രായമുണ്ട്. വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി എത്തിയാലുടൻ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാക്കും.
ഇതിന് പുറമെ അഞ്ച് ശതമാനത്തിന് മുകളിൽ നികുതി ഉള്ളവയ്ക്ക് ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്താനുള്ള തീരുമാനവും ഉടൻ പ്രാബല്യത്തില്‍ വരും. രണ്ട് വർഷത്തേക്ക് പ്രളയ സെസ് ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിൽ സർക്കാരിന് അനുമതി നൽകിയിട്ടുണ്ട്.